Sunday, March 13, 2011

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു - ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 - ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല - അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം... അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

Monday, March 7, 2011

സഹയാത്രിക

ബസ്സില്‍
അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?
ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.
അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?
ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.
അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാ
ഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ....

ബസ്സ്‌ സ്റ്റോപ്പില്‍

അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . <<കമ്പനിയുടെ പേരു പറഞ്ഞുകൊടുക്കുന്നു.>> നീയോ?
അവള്‍ : <<കമ്പനിയുടെ പേരു പറയുന്നു.>> ഡവലപ്പ്മെന്റാണ്.
ഞാന്‍ : :( കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?
അവള്‍ : പി എച്ച് പി, ഫ്ലക്‌സ്
ഞാന്‍ : ഓക്കേ, നീ കാസര്‍‌ഗോഡു നിന്നാണോ കയറിയത്?
അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്... എന്റെ വീട് അവിടെ അടുത്തു തന്നെയാണ് - നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്...
ഞാന്‍ : എന്താ പേര്?
അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?
ഞാന്‍ : രാജേഷ്.
സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?
ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?
സൗമ്യ: ഒന്നര വര്‍ഷമായി - മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.
ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.
സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?
ഞാന്‍ : അതിനെന്താ.. << ഞാന്‍ മെയില്‍‌ ഐഡി കൊടുക്കുന്നു>>
സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.
ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.
സൗമ്യ: വാ പോകാം

ഓഫീസില്‍
ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply "add" to add, or "info" to get profile.
ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : add
വീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now friends with Soumya R. Reply "sub"to subscribe to Soumya's Status.

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ