Wednesday, June 15, 2011

ഇരുപത്തിയഞ്ചു പൈസ ഓർമ്മയാവുന്നു


അകാലമൃത്യു വരിക്കാൻ പോകുന്ന ഇരുപത്തിയഞ്ചു പൈസയ്ക്ക് ആത്മശാന്തി നേരുന്നു :(

പണ്ട് ഒത്തിരി മിഠായികൾ നീ കാരണം നുണഞ്ഞിറക്കിയ ആ മധുരസ്മരണയിൽ എന്നും ഞങ്ങൾ നിന്നെ ഓർക്കും. ഇനി കേവലം പതിഞ്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ നിന്റെയാ മധുരസ്മരണകൾ മാത്രമാണു ഞങ്ങൾക്കു തുണ..

പണ്ടു നിന്നെ ഉപയോഗച്ച് വാങ്ങിച്ച പല്ലിമിഠായിയും ഓറഞ്ചുമിഠായിയും കടലയും പാലൈസും കോലൈസും ഒക്കെ ഇന്നു വിസ്മൃതിയിലേക്കു നീങ്ങിക്കഴിഞ്ഞു, സഹചാരികളിൽ മിക്കവരും എന്നേ കാലയവനികയ്ക്കുള്ളിലേക്കു വിലയം പ്രാപിച്ചു. നീ മാത്രം ഇങ്ങനെ മൃതപ്രായയായി ഇനിയെത്രനാൾ എന്നുമെണ്ണി കാലം കഴിച്ചുവരികയാണെന്നറിയാം. വേണ്ടപ്പെട്ടവരിതാ നിനക്കു ദയാവധം കനിഞ്ഞനുവദിച്ചിരിക്കുന്നു. ജൂലൈ ഒന്നു മുതൽ നീ വെറും ഓർമ്മ മാത്രമാവും. എങ്കിലും ജൂലൈ 30 വരെ നിനക്കീ ലോകത്തിന്റെ ശ്വാസം ശ്വസിക്കാം. നിന്നെ നൽകിയാൽ റിസർവ്‌ബാങ്ക് പുതിയ പൈസ തന്നു സഹായിക്കുമത്രേ!

വല്യമ്മയുടെ കോന്തലക്കെട്ടിൽ നിന്നും അമ്മയുടെ പേഴ്‌സിൽ നിന്നും അനിയത്തിയുടെ ഭണ്ഡാരപാത്രത്തിൽ നിന്നുമൊക്കെയായി എത്രയെത്ര ഇരുപത്തിയഞ്ചുപൈസകളെയാണ് അടിച്ചുമാറ്റിയിട്ടുള്ളത്. സ്കൂൾകാലത്തിന്റെ അവസാനത്തിൽ അധികപങ്കും യാത്ര ചെയ്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമായിരുന്നു. കാലമാറിയപ്പോൾ നിനക്കുള്ള വില ആളുകൾ തരാതായി. വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ആരും നിന്നെ എടുക്കാതെയായി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവർ പോലും നിന്നെ പുച്ഛഭാവത്തിൽ തള്ളിക്കളഞ്ഞു. ഇന്നിപ്പോൾ നിന്നെ അടിച്ചിറക്കാൻ നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ പണം ആവശ്യമാണത്രേ!! പൈസയുടെ വിലയേക്കാൾ അതുണ്ടാക്കാനുള്ള ലോഹത്തിനു വിലയേറിയത്രേ... (4 ഇരുപത്തിയഞ്ചുപൈസ തൂക്കിവിറ്റാൽ 10 രൂപ കിട്ടുമായിരുന്നു!! ) എന്നിട്ടുപോലും അവഗണനമാത്രമല്ലേ നിനക്കു മിച്ചം :( എങ്കിലും സകല അവഗണനകളും സഹിച്ച് നീ ഇത്രയും കാലം ഞങ്ങളെ സേവിച്ചു...

ഇടയ്ക്കെന്നോ സ്വർണവർണമാർന്ന് നീ വന്നപ്പോൾ കൗതുകമായിരുന്നു, മിഠായി പോലും വാങ്ങിക്കാതെ അന്നതു സൂക്ഷിച്ചുവെച്ചത് ഇന്നുമോർക്കുന്നു. ഓർമ്മപ്പെരുക്കങ്ങളിൽ നീ എന്നുമുണ്ടാവും. 1835 - ഇൽ വില്യം നാലാമന്റെ ഭരണക്കാലത്താണു 1/4 രൂപ വെള്ളിനാണയം ആദ്യമായി പുറത്തിറക്കിയത്. എങ്കിലും ഇരുപത്തിയഞ്ചുപൈസ എന്ന പദവികിട്ടാൻ 1957-60 കാലം വരെ കാത്തിരിക്കേണ്ടിവന്നു. കോപ്പറും- നിക്കലും ഒക്കെ കൂട്ടിക്കലർത്തിയായിരുന്നു ആദ്യം നിന്റെ രൂപം വാർത്തെടുത്തത്. പിന്നീടത് നല്ല പത്തരമാറ്റുള്ള സ്റ്റെയിന്‍ലസ്‌ സ്റ്റീലിലേക്കു മാറ്റി. ഒരു കാണ്ടാമൃഗത്തിന്റെ മുദ്രയോടെ സുന്ദരിയും പ്രൗഢഗംഭീരയുമായിട്ടാണു നിന്നെ അവസാനമയി കണ്ടതെന്നോർക്കുന്നു.

നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ നിന്റെ ശരീരത്തിനു മൂല്യമേറിയത് പല വിടന്മാരേയും നിന്നിലേക്ക് ആകർഷിപ്പിച്ചിരുന്നു. ആരാധാനാലയങ്ങളിലെ ഗുണ്ഡികകളിൽ നിന്നും നിന്നെ ശേഖരിച്ച് തൂക്കിവിറ്റവർ പണക്കാരായി. LTT പോലുള്ള ചീത്ത സംഘടനകൾ വെടിയുണ്ടയുണ്ടാക്കാൻ വേണ്ടി നിന്റെ ശരീരം ഉരുക്കിവാർത്തിരുന്നത് ഒരു പഴംകഥ! ഇപ്പോൾ നിന്റെ ചേട്ടൻ അമ്പതുപൈസയും ഈ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ട്. ഒരു പക്ഷേ സമീപഭാവിയിൽ നിനക്കുകൂട്ടായി ചേട്ടനും എത്തുമായിരിക്കും.

ബാല്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന പ്രിയ നാണയമേ നിനക്കെന്റെ യാത്രാമംഗളങ്ങൾ!!

0 comments:

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ