Wednesday, July 15, 2009

ചില ആത്മീയവ്യഭിചാരങ്ങള്‍


ഈ അടുത്തകാലത്ത്, ഒരു കൂട്ടുകാരന്‍ എനിക്കൊരു മെയില്‍ അയച്ചു. ഒരു വീഡിയോ. കുറേനാള്‍ ഞാനാ വീഡിയോ ഓപ്പണ്‍ ചെയ്തതേയില്ല. ഒരിക്കല്‍ അല്പം സമയം കിട്ടിയപ്പോള്‍, ഇതുപോലെ തുറന്നുനോക്കാതെ മാറ്റിവെച്ച മെയിലുകള്‍ തുറന്നുനോക്കുമ്പോളാണിതു കണ്ടത്...! വീഡിയോ കണ്ടപ്പോള്‍ എന്തുപറയണം എന്നുപറയാനാവാത്ത അവസ്‌ഥ...!

നമ്മുടെ നാട്ടില്‍ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ക്കെതിരെ നടക്കുന്ന കൈയ്യേറ്റങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടു ചര്‍ച്ചകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ന്യൂനപക്ഷപീഢനമെന്നും തീവ്രഹിന്ദുത്വവാദികളുടെ ഹിഡണ്‍‌ അജണ്ടയെന്നുമൊക്കെ പല പേരില്‍ നമ്മളതിനെ വായിച്ചറിഞ്ഞു. എല്ലാ ചര്‍ച്ചകളിലും അധികം ഉയാരാതിരുന്ന ഒരു കാര്യമായിരുന്നു ഇവിടെ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ മാത്രമാണ് മതം‌മാറ്റത്തിന്റെപേരില്‍ കൊലചെയ്യപ്പെടുന്നത് എന്നുള്ളകാര്യം. ഒരു മുസ്ലീം‌മതത്തില്‍‌പെട്ടയാളോ അല്ലെങ്കില്‍ മറ്റുമതങ്ങളില്‍ പെട്ടയാളോ ഇതുവരെ മതം മാറ്റം എന്ന പേരില്‍ കല്ലെറിയപ്പെട്ടതായികേട്ടിട്ടില്ല.

ഇവിടെ ഈ വീഡിയോ നോക്കുക. നമ്മുടെ ബഹുമാനപ്പെട്ട ദേശീയപതാകയിലെ മുകളിലെ നിറം ആള്‍ബലംകൊണ്ടും കൈയൂക്കുകൊണ്ടും തോന്നിയതൊക്കെ നടപ്പാക്കുന്ന ഒരു വിഭാഗത്തെയും, താഴത്തെ നിറം (പച്ച) മറ്റൊരുകൂട്ടരുടെ ചെയ്തികളേയും സൂചിപ്പിക്കുന്നു എന്നും എന്നാല്‍ അധികാരത്തിന്റെ അശോകചക്രം നമ്മള്‍‌ക്കുതന്നെ എന്നും പ്രസ്‌താപിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ശോകം അകറ്റുന്ന (അശോക)ചക്രം നമുക്കുസ്വന്തമെന്നും മേല്‍‌പ്പറഞ്ഞകക്ഷികള്‍ അതിനായി തങ്ങളോടുചേരണമെന്നും വിശദീകരിക്കപ്പെടുന്നു. ഇതൊക്കെ ഇത്ര കൃത്യമായി ഡിസൈന്‍ ചെയ്തതിനു ദൈവത്തിനൊരു സ്‌തുതിയും പറയുന്നു ഈ മഹാന്‍.

മൂര്‍ഖന്റെ വിഷമിറങ്ങിയ ചിന്തയാണോ ദൈവമേ ഇതൊക്കെ എന്നൊരു സംശയമുണ്ടായിരുന്നു ആദ്യം... എന്നാലും ഇതുകേട്ടപ്പോള്‍ ഒരു വല്ലായ്‌മ തോന്നി. അറിവ്‌ ആയുധമാണ്‌. പുതിയ വ്യഖ്യാനങ്ങള്‍ മെനയാന്‍ ഉതകുമത്. അറിവുള്ളവന്‍ നാറിയാല്‍ അവന്‍ പരമനാറിയുമാവും കാരണം അവന്‍ അറിവുകള്‍ക്കു പുത്തന്‍ വ്യഖ്യാനങ്ങള്‍കൊടുത്ത്‌ അതിനെ വളച്ചൊടിക്കും. ശ്രീമത് ഭഗവത്‌ഗീതയേയും വിശുദ്ധ ഖുറാനേയും മറ്റും കൂട്ടുപിടിച്ച് അതില്‍ പറഞ്ഞിരിക്കുന്ന പലതും തങ്ങളെക്കുറിച്ചാണെന്നു തെരുവുപ്രസംഗം നടത്തിയ ഒരാളെ ഞാന്‍ പണ്ടു കോട്ടയം പട്ടണത്തില്‍ കണ്ടിരുന്നു. കാര്യകാരണസഹിതമുള്ള വിശദീകരണമായിരുന്നു...! പിഴച്ചനാക്കിനാല്‍ പടച്ചുവിടുന്ന ദുര്‍‌വാക്കുകളുടെ ഫലം പലപ്പോഴും നിരപരാധികള്‍ അനുഭവിക്കേണ്ടിവരുന്നു. ബഹുജനം പലവിധമെന്നു കേട്ടിട്ടില്ലേ എല്ലാവരും എല്ലാം കേട്ടിരുന്നുവെന്നു വരില്ല. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു; അതു നിത്യജീവിതത്തില്‍ ആയാല്‍ പോലും.

ഇനി നിങ്ങള്‍ ഈ വീഡിയോ കണ്ടിട്ടുപറയൂ; മൂര്‍ഖന്റെ വിഷചിന്തയില്‍ വല്ല കഴമ്പും ഉണ്ടോ എന്ന്‌. ഇല്ലെങ്കില്‍ തല്ലിക്കൊന്നോളൂ ഈ മൂര്‍ഖനെ.



ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ