Tuesday, September 27, 2011

റൈറ്റ് സൈഡ് ചാറ്റിങ് | Techies Tricks

ഗൂഗിളിന്റെ സേവനം തേടാത്തവരായി നെറ്റില്‍ ആരും തന്നെ കാണികയില്ല. സേര്‍ച്ച് എഞ്ചിന്‍, മെയില്‍ സര്‍‌വീസ്, ഫോട്ടോ ആല്‍ബം, വീഡിയോഷെയറിങ് തുടങ്ങി വ്യത്യസ്തങ്ങളായ പല സേവനങ്ങലിലൂടെ ഗൂഗിള്‍ ജൈത്രയാത്ര തുടരുന്നു. ഗൂഗിളിനെ മെയില്‍ സര്‍‌വീസായ ജീമെയിലില്‍ ഉള്ള ഒരു സം‌വിധാനമാണ്‌ ജിമെയില്‍ ലാബ്‌സ്. 2008 ജൂണില്‍ തുടങ്ങിയ ഈ സൗകര്യം, 2011 സെപ്‌റ്റംബറില്‍ ഗൂഗിള്‍ നിര്‍ത്തിവെയ്‌ക്കും എന്നു പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിര്‍ത്തിവെച്ചിട്ടില്ല. ജിമെയിൽ സേവനത്തിന്റെ ഒരു പരീക്ഷണശാലയാണ് ജിമെയിൽ ലാബ്സ് എന്നു വേണമെങ്കില്‍ പറയാം. നിരവധി പുതിയ സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് ലാബ്സിൽ പോയി പരീക്ഷിച്ചു നോക്കാവുന്നതാണ്.  അതില്‍ ഒന്നാണ്‌ റൈറ്റ്‌സൈഡ് ചാറ്റിങ്.

റൈറ്റ് സൈഡ് ചാറ്റിന്റെ പറ്റി മതിയായ ചിത്രങ്ങൾ അടക്കം വിശദമായി ഇവിടെ കൊടുത്തിരിക്കുന്നു...

Wednesday, September 14, 2011

ചില സൂത്രപ്പണികൾ | Techies Tricks

ഒരു ഫോൾ‌ഡറിലുള്ള എല്ലാ ഫയലുകളുടേയും ഫോൾഡറുകളുടേയും ലിസ്റ്റ് എടുക്കണം എന്നുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ അതു സാധ്യമാക്കാനുള്ള ഒരു വിദ്യയാണു താഴെ കൊടുത്തിരിക്കുന്നത്. 

ഒരു ഫോൾഡറിൽ നിറയെ സിനിമകൾ ഉണ്ടെങ്കിൽ അവയുടെ ലിസ്റ്റ് എടുക്കുന്ന രീതി വെച്ചാണ് താഴെ ഈ സൂത്രപണി വിശദീകരിച്ചിരിക്കുന്നത്. നിങ്ങളുടെ കയ്യിലുള്ള PDF ഫയകുകളുടെ ലിസ്റ്റ്, പാട്ടുകളുടെ ലിസ്റ്റ് എന്നിങ്ങലെ ഏതു ഫയലുകളുടേയും പേരുകൾ ഇതുവഴി ലിസ്റ്റ് ചെയ്യാനാവും. 

ഇത് ഗൂഗിൾ ബസ്സിലും ഗൂഗിൾ പ്ലസ്സിലും അതുപോലെ ഫെയ്‌സ്ബുക്കിലും ഒക്കെയായി ഷെയർ ചെയ്തിട്ടുണ്ട്. അവിടെ കൊടുത്തിരിക്കുന്ന കമന്റുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും കരുതുന്നു.

ട്രിക്കിതാണ്
എന്റെ കൈയിൽ ഒരു 1 TB യുടെ എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്ക് ഉണ്ടെന്നു കരുതുക...
ഹാർഡ്‌ ഡിസ്‌ക്കിന്റെ Drive Letter F: ആണെന്നു കരുതുക
ഹാർഡ് ഡിസ്‌ക്കിൽ MalyalamFilms എന്നൊരു ഫോൾഡർ ഉണ്ടെന്നും കരുതുക
ആ ഫോൾഡറിൽ 482 മലയാളം സിനിമകൾ ഉണ്ടെന്നും ചുമ്മാതങ്ങ് കരുതുക

ഇനി
1. ഈ സിനിമയുടെ പേരുകളൊരു ലിസ്റ്റായി എടുക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട് എന്നു കരുതുക

2. കൂട്ടുകാർക്ക് കാണിക്കാൻ വേണ്ടി നോട്പാഡിലോ മറ്റോ ഈ പേരൊക്കെ 1 ബൈ 1 ആയി എഴുതി വെയ്‌ക്കണം എന്നാഗ്രഹം ഉണ്ടെന്നു കരുതുക

3. ഇതൊക്കെ കുത്തിപ്പിടിച്ചിരുന്നു നോട്ട്പാടിലേക്ക് ടൈപ്പ് ചെയ്തെടുക്കാൻ നല്ല മടി ഉണ്ടെന്നു കരുതുക

എന്തു ചെയ്യണം
വിൻഡോസുപയോഗിക്കുന്നവർക്ക് ഒരു മന്ത്രം ഡോസേ ശരണം ഗച്ചാമി!
1. Start - ഇൽ ക്ലിക്ക് ചെയ്തിട്ട് XP ക്കാർ RUN ലും വിൻ7/വിസ്തക്കാർ Search Programs and Files എന്ന സ്ഥലത്തു ക്ലിക്ക് ചെയ്യുക
2. അവിടെ CMD എന്നു കൊടുത്ത് എന്റർ അടിച്ച്  കമാൻഡ്‌ പ്രോംപ്റ്റ് ഓപ്പൺ ചെയ്യുക...
ആ പഴയ കറുത്ത വിൻഡോ വന്നു!!
അതിൽ c:\users\<yourname> ഇൽ ആയിരിക്കും നിങ്ങളിപ്പോൾ നിൽക്കുന്നത്.

ഓർക്കുക : Drive Letter F:, Folder Name MalyalamFilms ഇതിലാണു സിനിമകൾ!!

പണി ഇത്രേ ഉള്ളൂ
1. അങ്ങോട്ട് പോവാൻ കമാൻഡ്‌ പ്രോംപ്‌റ്റിൽ F: എന്നു ടൈപ്പ് ചെയ്തിട്ട് എന്റെർ അടിക്കുക
2. പിന്നെ CD  MalyalamFilms എന്നു കൂടി കൊടുക്കുക
3. ഇനി dir /b > %USERPROFILE%\Desktop\filmNames.txt ഇങ്ങനെ കൂടി കൊടുക്കുക
സംഭവം ക്ലീൻ!!
ഇനി ഡസ്‌ക്‌ടോപ്പിൽ നോക്കൂ  filmNames.txt എന്ന ഫയൽ അവിടെ പുതിയതായി വന്നിരിക്കുന്നത് കാണാം. ആ ഫയൽ ഓപ്പൺ ചെയ്തു നോക്കൂ!!!

Monday, August 29, 2011

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു... നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ - പണിക്കൂലി വേറെയും ഉണ്ടത്രേ... താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ... 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം :( സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു - ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ... അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ... ഇങ്ങനെയൊക്കെ ആയിപ്പോയി... ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ...

അവർ ജീവിക്കട്ടെ!!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞില്ലേ! ഇത്രയും കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഇനി അവരെ തൂക്കിക്കൊല്ലണം എന്നു പറയുന്നതിൽ എന്തു ന്യായമാണാവോ ഉള്ളത്? കുറ്റക്കാരെ പെട്ടന്നു കണ്ടുപിടിക്കുകയും, ജനങ്ങൾ ആ കുറ്റകൃത്യത്തിന്റെ തീവ്രതയിൽ നിന്നും മുക്തരാവുന്നതിനു മുമ്പു തന്നെ വധശിക്ഷപോലുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരത്തിൽ നടക്കുന്ന വധശിക്ഷകൾക്ക് സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയിഞ്ഞു വരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇവിടെ വെച്ച് മുരുകനും നളിനിക്കും ഒരു കുഞ്ഞുണ്ടവുകയും കുഞ്ഞിനിപ്പോൾ 19 വയസ്സാവുകയും ചെയ്തു.

ചില വാദഗതികളൊക്കെ കാണുമ്പോൾ ജുഡിഷ്യറിയോടു തന്നെ പുച്ഛം തോന്നുന്നു. ബാറ്ററി മേടിച്ചു കൊടുത്തവനു വരെയുണ്ട് ഇതിൽ വധശിക്ഷ!! ബാറ്ററി വാങ്ങിച്ചതിന്റെ ബില്ലു ചോദിച്ചപ്പോൾ അത് സബ്‌മിറ്റ് ചെയ്യാൻ പ്രതിക്കു കഴിയാതെ വന്നെന്നും മറ്റും കണ്ടപ്പോൾ ഒരു ഞെട്ടൽ തന്നെ ഫീൽ ചെയ്തു... നാടിനേയും നാട്ടുകാരേയും വഞ്ചിച്ചും ഇഞ്ചിഞ്ചായി കൊന്നും എത്രയെത്ര കുറ്റവാളികൾ പുറത്തും ജയിലകത്തെന്ന വ്യാജേന പഞ്ചനക്ഷത്ര ആശുപത്രികളിലും സ്വൈര്യവിഹാരം നടത്തുന്നു. വി.ഐ.പി ട്രിറ്റ്മെന്റിൽ കസബുമാർ സസുഖം വാഴുന്നുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്!! നമ്മുടെ നിയമങ്ങളൊക്കെ എന്നാണു നന്നാവുക!


കുറ്റവാളികൾക്കു കൊടുക്കുന്ന ശിക്ഷകൾ ഇനി കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള നല്ലൊരു മുന്നറീയിപ്പായിരിക്കണം...  അവർക്കതൊരു പാഠമാവണം. അതിങ്ങനെ വലിച്ചുനീട്ടി പത്തിരുപതുവർഷങ്ങൾ കഴിഞ്ഞിട്ടാവരുത് നൽകേണ്ടത്. അതിന്റെ തീവ്രത കുറയും മുമ്പേ തന്നെ ശിക്ഷ നടപ്പാക്കിയാൽ മാത്രമേ എന്താണോ ആ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത് അതു നടപ്പാവുകയുള്ളൂ - ഇല്ലെങ്കിൽ അതിനു നേരെ വിപരീതഫലം മാത്രമായിരിക്കും കിട്ടുക... പുതിയ പുതിയ മുരുകനും ശാന്തനും പേരറിവാളനും നളിനിയുമൊക്കെ ജനിച്ചു കൊണ്ടിരിക്കും. ഇവിടെ എന്തൊക്കെയാണു സംഭവിച്ചത്!! കുറ്റവാളികൾ ജയിലിൽ കിടന്നു കല്യാണം കഴിക്കുന്നു; കുട്ടികളുണ്ടാവുന്നു - എന്തൊക്കെ നാടകങ്ങൾ അരങ്ങേറി!! ഈ ശിക്ഷ നടപ്പാക്കിയാൽ ആ കുഞ്ഞിനോടെന്തു സമാധാനം പറയും ഇവർ?


NB: ഒരു ഇരുപതുവർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ അജ്മൽ കസബിനേയും ഇതുപോലെ സപ്പോർട്ട് ചെയ്തേക്കും!!

Friday, August 19, 2011

ഇ - മെയിൽ തട്ടിപ്പുകൾ | email cheating

കള്ളത്തരങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത നാടാണല്ലോ നമ്മുടേത്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നറുക്കിട്ടെടുത്ത് കോടികള്‍ നേടിയെന്നും ഈമെയിലൈഡികള്‍ നറുക്കിട്ട് ഡോളറുകള്‍ കിട്ടിയെന്നും ഒക്കെ പറഞ്ഞ് പലതരത്തിലുള്ള മെയിലുകള്‍ വന്ന് നമ്മുടെ ഇ-യുഗത്തിലും തട്ടിപ്പുകള്‍ ചുവടുറപ്പിച്ചു. അറിവും വിവേകവും ഉള്ള പലരും അറിയാതെ തന്നെ ഇത്തരം കെണിക്കുഴികളില്‍ അകപ്പെട്ട് പണം നഷ്ടമാക്കിയിട്ടും ഉണ്ട്. പലരും പിടിക്കപ്പെട്ടു. പത്രമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാലും തട്ടിപ്പിനോ തട്ടിപ്പിനിരയാവുന്നവര്‍ക്കോ യാതൊരു കുറവും കാണാറുമില്ല.

ഇതാ ഇന്നു കിട്ടിയ ഒരു മെയില്‍. പറയുന്നത് എന്റെ എ.ടി.എം. മാസ്‌റ്റര്‍‌കാര്‍ഡിന് ഏകദേശം 3 മില്യൺ ഡോളർ രൂപ കിട്ടിയിട്ടുണ്ടെന്നും അതിനായി ഞാൻ അത്യാവശ്യവിവരങ്ങളൊക്കെ ഫിൽ ചെയ്ത് അവരുമായി ബന്ധപ്പെടണമെന്നും ആണ്. ഇത്തരം മെയിലുകൾ പലർക്കും കിട്ടിയിരിക്കും, ചിലർ തമാശയ്‌ക്കെങ്കിലും ഇതൊന്നു ഫിൽ ചെയ്തയച്ചേക്കാം എന്നു കരുതും. അപകടമാണ്. വിശ്വസിനീയമായ പല കാരണങ്ങൾ നിങ്ങളുടെ മുമ്പിൽ നിരത്തി പിന്നീട് നിങ്ങളുടെ മാസ്റ്റർ‌ കാർഡ് ഡീറ്റൈൽസ് മോഷ്ടിക്കാൻ ഇവർക്കു പറ്റും. കള്ളത്തരത്തിൽ പിഎച്ച്ഡി എടുത്തിരിക്കുന്ന ഇക്കൂട്ടരുടെ വാഗ്‌സാമർത്ഥ്യത്തിനു മുമ്പിൽ ചിലപ്പോൾ നമ്മുടെ അറിവും ലോകപരിചയവും നിഷ്‌പ്രഭമായിപ്പോവാം. മെയിൽ നോക്കുക:

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ഈ അടുത്താണ് ഒരു സുഹൃത്തിന്റെ അങ്കിൾ ഇതുപോലെ ഒരു ഓൺലൈൻ വഞ്ചനയിൽ പെട്ട് ഏകദേശം 80,000 -ത്തോളം രൂപ കളഞ്ഞത്. മൂന്നു തവണകളായി പല ആവശ്യങ്ങൾക്കായിട്ടാണിതു വാങ്ങിച്ചത്. പിന്നീട് കിട്ടാൻ പോകുന്ന പണത്തിന്റെ ടാക്സ് ജനീവയിൽ അടയ്‌ക്കണമെന്നും അതിനായി രണ്ടര ലക്ഷത്തോളം രൂപ വേണമെന്നും അവർ ആവശ്യപ്പെട്ടപ്പോൾ ചെറിയൊരു വിമ്മിട്ടം പുള്ളിക്കാരനു തോന്നുകയും ഞങ്ങളോട് പറയുകയും ചെയ്യുകയായിരുന്നു. തട്ടിപ്പാണെന്ന് എത്ര പറാഞ്ഞിട്ടും പുള്ളിയത് വിശ്വ്വാസിക്കാൻ കൂട്ടാക്കിയില്ല. ഞങ്ങളിതു തട്ടിപ്പാണെന്നു പറയുന്നതൊക്കെ കേട്ടിരുന്ന്ശേഷവും പുള്ളിക്കാരൻ പറഞ്ഞതിങ്ങനെയാണ് ബാക്കി കൂടി അടച്ചേക്കാം അല്ലെങ്കിൽ അടച്ചതു കൂടി പോവില്ലേ എന്ന്!! എനിക്കിത്തരം മെയിലുകൾ എന്റെ യാഹൂ ഐഡിയിലേക്ക് സ്ഥിരമായി വരാറുണ്ടായിരുന്നു, പിന്നീട് അവയൊക്കെ പുള്ളിയെ കാണിക്കുകയും, ഇതുമായി ബന്ധപ്പെട്ട് വന്ന പത്ര വാർത്തകൾ കാണിക്കുകയും ഒക്കെ ചെയ്തിട്ടും അദ്ദേഹത്തിനു ഞങ്ങളെ വിശ്വസിക്കാൻ ചെറിയ വിഷമമായിരുന്നു. ജനീവയിൽ നിന്നെന്നും പറഞ്ഞു വിളിച്ച അതിന്റെ ഒരു റപ്രസെന്റേറ്റിവിനോട് എന്റെ കൂട്ടുകാരൻ ഇദ്ദേഹത്തിന്റെ മുമ്പിൽ നിന്ന് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട ശേഷം അവർ ബന്ധപ്പെടുകയോ, മെയിൽ അയക്കുകയോ ചെയ്തിട്ടില്ലാത്രേ!

ഈ തട്ടിപ്പിൽ ഞാൻ പെട്ട കാര്യം ഇനി വേറൊരാൾ അറിയരുത് എന്ന ധാരണയിൽ ഒപ്പുവെപ്പിച്ച ശേഷമാണ് പിന്നെ ആ ചേട്ടൻ ഞങ്ങളെ വിട്ടത്. കമ്പ്യൂട്ടർ കൂടുതൽ ജനകീയമായ ഇന്ന് പലരും ഇന്റർനെറ്റിന്റെ മായികാലോകത്തേക്ക് കടന്നു വരുന്നുണ്ട്. നെറ്റിൽ വിരിയുന്ന വിസ്‌മയങ്ങളിൽ മയങ്ങിവീഴുന്ന ഇവർക്ക് പലപ്പോഴും ചതിക്കുഴികൾ മനസ്സിലാക്കിയെടുക്കാൻ താമസം വരും. അതുകൊണ്ട് ഇത്തരം മെയിലുകൾ നിങ്ങളുടെ ഇൻബോക്സിലേക്കു വരുന്നുണ്ടെങ്കിൽ മറിച്ചൊന്നും ചിന്തിക്കേണ്ടതില്ല ഡിലീറ്റ് ചെയ്തേക്ക്.

Monday, July 25, 2011

നന്ദി ഹിൽസും ശിവഗംഗയും

ഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി.
ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ ആ മഴയ്‌ക്കു കഴിഞ്ഞു. ബാംഗ്ലൂരിന്റെ 50 കി.മി. ചുറ്റളവിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇത്രകണ്ട് മനോഹരങ്ങളാവും ഇവയെന്നു നിനച്ചതല്ല. ഒരാഴ്ചയെങ്കിലും ബാംഗ്ലൂരിൽ ചെലവഴിക്കാൻ വരുന്ന ഏവരും (നിർബന്ധമായും) കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളാണിവ.

1) നന്ദി ഹിൽസ് | Nandi Hills
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!

ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH - 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല.  NH - 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH - 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.

2) ശിവഗംഗ | Sivaganga
നേരെ വിട്ടത് ശിവഗംഗയിലേക്കാണ്.  പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല...

ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH - 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH - 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത്  NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി  NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.

Tuesday, July 19, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ | Salt and Pepper

ഓൺലൈൻ സമൂഹം ലോകോത്തരസിനിമയെന്നും മലയാളപുണ്യമെന്നുമൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ടു, ഇന്നലെ...
 • ഒന്നേമുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല - നല്ലൊരു സിനിമ തന്നെ!!.
 • എടുത്തുകാട്ടി പറയാൻ വലിയ കഥയും കാര്യമൊന്നും ഇല്ല.
 • അഭിനേതാക്കളെല്ലാം നീതിപുലർത്തി - പക്ഷേ, കല്പനയെ മിണ്ടാപ്രാണിയാക്കി മാറ്റി നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ട്.
 • വില്ലത്തരത്തിൽ കണ്ടുമടുത്ത ബാബുരാജിനു കിട്ടിയിരിക്കുന്നത് അപൂർവനേട്ടം തന്നെയാണ് - പറയാതെ വയ്യ, പുള്ളി കലക്കി മറിച്ചു!
 • പ്രധാന കഥാപാത്രങ്ങൾക്കു പുറമേ ഭക്ഷണവും ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പക്ഷേ, അത് പരസ്യങ്ങൾ പറയുമ്പോലെ ദോശയല്ല; കേയ്‌ക്കാണ്!!.
 • സൂപ്പർ‌‌താരങ്ങളുടെ കലിപ്പ് കണ്ടുമടുത്ത മലയാളിക്ക് ഇതൊരു മാറ്റമാണ്.
 • നല്ല തിരക്കഥയും നല്ല സംവിധാനവും തന്നെയാണ് സൂപ്പർസ്റ്റാർ.
 • ഏച്ചുകെട്ടലുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാത്ത സ്വാഭാവിക നർമ്മം ഒരു വലിയ പ്ലസ്‌മാർക്കാണ്.
 • ത്രൈണഭാവത്തിലെത്തുന്ന ബാബുരാജിന്റെ കഥാപാത്രത്തെ ലാലിന്റെ കഥാപാത്രം ആദ്യമായി കണ്ടുമുട്ടുന്ന രംഗം സൂപ്പർ ആയിരിക്കുന്നു; ലാലിന്റെ പോരുന്നോ കൂടെ എന്ന ചോദ്യം മാത്രം മതി ഈ സിനിമയെ വിജയിപ്പിക്കാൻ!
 • സലിം കുമാറും സുരാജ് വെഞ്ഞാറുമ്മൂടും ഇല്ല.

ഇനി ഇതുകൂടി വായിക്കുക - ഇതുവായിച്ചിട്ടാരും എന്നെ തെറിപറയരത് :(

 • നായികാ പ്രാധാന്യമുള്ള സ്‍ത്രീകള്‍ മദ്യപിക്കുന്ന രംഗവും മറ്റും മലയാളസിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമായി കാണണമെങ്കിൽ കാണാം.
 • പ്രണയമെന്നാൽ ശാരീരികബന്ധം എന്നതാണെന്ന മിഥ്യാധാരണയും കൊച്ചുകേരളം ഒരുപക്ഷേ അംഗീകരിച്ചേക്കുമായിരിക്കും :(
 • എന്നാലും ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്നും വന്ന മിണ്ടാപ്രാണിയായ  ഒരു ആദിവാസിമൂപ്പനെ കണ്ട് പേടിച്ച യുവതയുടെ ചേഷ്ടയല്പം കൂടിപ്പോയി... ആദിവാസികൾ അത്ര അവജ്ഞ അർഹിക്കുന്നവരോ!
 • പ്രണയത്തിന്റെ തീവ്രത കാണിക്കാൻ വിജയരാഘവൻ ഒരു കഥയുമായി വന്നതും പിന്നീട് പുള്ളി കാസർഗോഡേക്കു പോയതും കല്ലുകടി തന്നെ.
 • ബ്യൂട്ടിപാർലറിൽ പോയി മുഖം മിനുക്കിവരുന്ന ഭാര്യയോട് വയസനായ ഭർത്താവ് നീ സുന്ദരിയാണെന്നു പറഞ്ഞതു കേട്ടപ്പോൾ കരച്ചിൽ വന്നു - സത്യം!!
 • സിനിമാക്കാരെല്ലാം തരികിടപാർട്ടീസ് ആണെന്നും പെണ്ണ് അവർക്കൊരു പ്രധാന വിഷയമാണെന്നും, സംവിധായകൻ മുതൽ പാത്രം കഴുന്നവർക്കു വരെയുള്ളത് കാമത്തിൽ പൊതിഞ്ഞ കണ്ണുമാത്രമാണെന്നും ഈ സിനിമ ഒരു സന്ദേശമെന്ന രൂപത്തിൽ നൽകുന്നുണ്ടോ എന്തോ :(
 • അവസാനത്തെ ഒരു ഒടക്കുപാട്ട് തീരെ പിടിച്ചില്ല ; എന്തായാലും 5 മിനിറ്റ് കൂടി സിനിമ നീട്ടിയേക്കാം എന്നു വിചാരിച്ചായിരിക്കും...
 • എല്ലാം കണ്ടിറങ്ങിയപ്പോൾ ഈ പടം ശരിക്കും കഴിഞ്ഞോ എന്നൊരു സംശയം - ഞാനത് അവിടെ ഉള്ള സെക്യൂരിറ്റിയോട് ചോദിക്കുകയും ചെയ്തു...


 മാർക്കിടാൻ എന്നോടാരെങ്കിലും പറഞ്ഞാൽ ഒരു നാലേ മുക്കാൽ മാർക്കു കൊടുക്കും - അത്രയൊക്കെ ധാരാളം... ടോറന്റ് ഡൗൺലോഡ് ചെയ്തു കണ്ടാൽ മതി. മെനക്കെട്ട് 60 രൂപ കളയാനൊന്നും വകയുണ്ടെന്നു തോന്നുന്നില്ല...

Friday, July 15, 2011

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു...
ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു...

മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!!

ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി...

പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു... അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു...
നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്,
നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ്
ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും...


ഇനിയും കാണാം എന്നു പറയുന്നില്ല - കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം...

ഇത്രയും കാലത്തെ സേവനത്തിനിടയിൽ നീരസങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ദിവസങ്ങളേതായാലും, രാത്രിയായാലും പുലർച്ചെയ്‌ക്കായാലും നട്ടുച്ചയ്ക്കായാലും നിന്നിലെ യാത്ര മധുരതരം തന്നെ. എങ്കിലും അവസാനകാലത്ത് മലയാളത്തിൽ കൊടുത്ത *ഒടയഞ്ചാൽ* എന്ന എന്റെ പേര്, എന്നോടുപോലും ചോദിക്കാതെ ഇംഗ്ലീഷിൽ Rajesh Odayanchal* എന്ന് മറ്റു യാത്രക്കാർക്കിടയിൽ വെളിപ്പെടുത്തിയത് തീരെ ശരിയായില്ല; പക്ഷേ, ക്ഷമിക്കുന്നു - ഒരു തെറ്റൊക്കെ ക്ഷമിക്കാതിരിക്കാൻ മാത്രം ക്രൂരനല്ല ഞാനും...

വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കാൻ ഗൂഗിളിന്റെ കയ്യിൽ പ്രോഡക്റ്റുകൾ ഇനിയുമേറെ കാണും. ചിലതൊക്കെ കത്തിപടരും - മറ്റു ചിലതാകട്ടെ ഗൂഗിൾ വേവ് (https://wave.google.com/wave/?pli=1) പോലെയോ മറ്റോ ചീറ്റിപ്പോകുകയും ചെയ്യും.
ഒന്നിനുമില്ല ഇവിടെ സ്ഥായിയായി നിലനിൽപ്പ്!


സ്വരം നന്നാവുമ്പോൾ തന്നെ പാട്ടുനിർത്തുക എന്നു കേട്ടിട്ടില്ലേ - അതുപോലെ നല്ലനിലയിൽ നിന്നു തന്നെ വിടചൊല്ലിപ്പോകുന്നതായിരിക്കും എന്നും അഭികാമ്യം! ഓർക്കുടിനെ ഓർക്കുന്നില്ലേ - എന്തൊക്കെയായിരുന്നു... എന്നാൽ ഇപ്പോഴുള്ള അവസ്ഥയോ? ആളനക്കങ്ങളൊന്നുമില്ല, കണ്ടമാനം വയറസുകളേയും പരത്തി പരസ്യകമ്പനികളുടേയും ഓൺലൈൻ ഗ്രീറ്റിംങ് കാർഡൂകാരുടേയും വിഴുപ്പുകളും പേറി എന്തിനെന്നറിയാതെ നടന്നു നീങ്ങുകയാണ്. ഫെയ്‌സ്ബുക്കിനേ പറ്റിയോ, ഓൺലൈൻ നെറ്റ്വർക്കിങിനേ കുറിച്ചോ കേട്ടിട്ടുപോലുമില്ലാത്ത കുറച്ച് ശുദ്ധാത്മാക്കൾ അതിൽ വിഹരിക്കുന്നുണ്ട് എന്നറിയാം... സോഷ്യൽ നെറ്റ്വർക്കിങ് എന്ന ആശയത്തിന്റെ ശക്തി മറ്റു പലർക്കും മുമ്പിൽ ശക്തമായി തെളിയിച്ചുകൊടുക്കുകയും അതിന്റെ പേരിൽ സകലമാന തെറിവിളികളും കേൾക്കേണ്ടിവരികയും ചെയ്തു; എന്നിട്ടോ അതിന്റെ ഗുണഫലങ്ങളേല്ലാം ഫെയ്‌സ്ബുക്ക് കൊണ്ടുപോവുകയും ചെയ്തു... ഓർക്കുട്ടിന്റെ ദയനീയത ഫെയ്‌സ്ബുക്കും ട്വിറ്ററും ഒക്കെ ഇതു കണ്ടു പഠിക്കട്ടെ; അല്ലെങ്കിൽ നാളെ ഫെയ്സ്‌ബുക്കിനും വരാനിരിക്കുന്ന വിധി ഇതുതന്നെയെന്ന് ഒന്നു കരുതിയിരുന്നോട്ടെ...

മാറ്റം എന്ന വാക്കിനപ്പുറം ബാക്കിയെല്ലാം മാറ്റങ്ങൾക്കും വിധേയം തന്നെ... മാറ്റത്തെ കാലാകാലങ്ങളിൽ അംഗീകരിച്ചേ പറ്റൂ. ഇവിടെ മറ്റൊരു വലിയമാറ്റത്തിന്റെ മുന്നൊരുക്കങ്ങളിലാണു ഗൂഗിൾ എന്ന് എല്ലാവരും പറഞ്ഞുകേൾക്കുന്നു... മാറ്റത്തിനെ ഉൾക്കൊണ്ട് കോണ്ട് മാറ്റത്തിനൊപ്പം ഞങ്ങളും മാറുന്നു.. പരിതപിക്കരുത്... അർത്ഥശൂന്യമായി മാറിപ്പോയേക്കാവുന്ന ജീമെയിലിലെ ഇടതുവശത്തിള്ള My Buzzes എന്ന ലേബൽ തന്നെ ചിലപ്പോൾ റിമൂവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തെന്നു വരും; എങ്കിലും വിഷമിക്കരുത്... ഇത് അനിവാര്യമായ വിധിയാണ് - എന്തിനേയും ഏവരേയും കാത്തിരിക്കുന്ന വിധി...!

Saturday, June 25, 2011

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം... അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം!

എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ ഒരു കാര്യമല്ലേ! ഫീഡസ് ചാനലിലൂടെ അപ്‌ഡേറ്റ്സ് വരുന്നതു പോലെയല്ല ഫെയ്‌സ്ബുക്ക് ചാറ്റ് വിന്‍ഡോ പൊങ്ങി വരുന്നത്, ഞാനാണെങ്കില്‍ ഫെയ്സ്‌ബുക്കിനെ യാഹു മെസഞ്ചറുമായി കണക്‌റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആരെങ്കില്‍ ഒന്നു hi പറഞ്ഞാല്‍ വലിയ ബഹളത്തില്‍ മെസഞ്ചറിന്റെ വിന്‍ഡോ ചാടി വീഴും. ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റ് ചെയ്യാം. അവരുടെ ചാറ്റ് ഞാന്‍ കാണാതെ പോകരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ തന്നെയാണ് മെസഞ്ചറുമായി കണക്റ്റ് ചെയ്തതും കണക്റ്റ് ചെയ്തപ്പോള്‍ മെസഞ്ചറിന്റെ സൗണ്ട് കൂടി എനേബിള്‍ ചെയ്തു വെച്ചതും. പൊതുവേ ഞാന്‍ ചാറ്റിംങിനോട് അല്പം വിമുഖതയുള്ള ആളാണ്. അനാവശ്യമായി, അങ്ങോട്ട് കേറി ആരോടും ചാറ്റ് ചെയ്യാറില്ല - വളരെ അത്യാവശ്യത്തിനു മാത്രമേ ഞാന്‍ അതുപയോഗിക്കാറും ഉള്ളൂ. എന്നാല്‍ ഇങ്ങോട്ട് ചാറ്റിങിനു വരുന്നവരെ നിരാശപ്പെടുത്താറുമില്ല. അവര്‍ക്കു മതിയാവും വരെ ചാറ്റ് ചെയ്യാറുണ്ട്.

സംഗതി ഇങ്ങനെയൊക്കെയാനെങ്കിലും രണ്ടുമൂന്നു ദിവസമായി ഒരു ഫെയ്സ്‌ബുക്ക് ഗ്രൂപ്പ്-ചാറ്റില്‍ ഒരു ചെക്കനും പെണ്ണും സ്ഥിരമായി ചാറ്റ് ചെയ്യുന്നു. അവര്‍ക്ക് പ്രൈവറ്റ് ചാറ്റിംങ് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആ ഗ്രൂപ്പില്‍ ഞാനും അംഗമായതിനാല്‍ ഗ്രൂപ്പ്ചാറ്റിന്റെ അപ്ഡേറ്റ്സ് കൃത്യമായി എന്റെ മെസഞ്ചറില്‍ ബ്ലും എന്ന വലിയ ശബ്ദത്തില്‍ വന്നുകൊണ്ടിരുന്നു. ഗ്രൂപ്പിലാണെങ്കില്‍ 150 ഓളം മെമ്പേഴ്‌സ് ഉണ്ട്. പഴയ സ്കൂളിന്റെ ഗ്രൂപ്പായതു കൊണ്ട് ഒഴിഞ്ഞു പോരാനും മനസ്സുവന്നില്ല. രണ്ടു ദിവസം ഞാന്‍ ക്ഷമിച്ചു. അവരോട് മാന്യമായ ഭാഷയില്‍ ഒന്നു പറഞ്ഞു. രണ്ട്പേര്‍ മാത്രമാണ്. പറയുന്നതു മുഴുവന്‍ ഒരുവക...! അങ്ങനെയൊക്കെയാവുമ്പോള്‍ പ്രൈവറ്റ് ചാറ്റ് ഉപയോഗിക്കുന്നതാണു നല്ലത് എന്നൊക്കെ. ചിലപ്പോള്‍ പുതിയ പിള്ളേരല്ലേ, അറിയാന്‍ പാടില്ലാത്തതിനാല്‍ ആയിരിക്കും എന്നു കരുതി. എന്നാല്‍ കാര്യങ്ങള്‍ളറിഞ്ഞിട്ടും ഇവര്‍ക്കൊരു കുലുക്കവും ഇല്ല; ചാറ്റിങ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ പോയി ഒരു പോസ്റ്റിട്ടു. രണ്ടുപേര്‍ മാത്രമുള്ള പേര്‍സണല്‍ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റിനേക്കാള്‍ നല്ലത് പ്രൈവറ്റ് ചാറ്റാണെന്നൊക്കെ! എവിടെ!! ചാറ്റില്‍ ഹരം പിടിച്ച ഈ യുവഹൃദയങ്ങള്‍ ഉണ്ടോ ഇതു വല്ലതു ശ്രദ്ധിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ കണ്ണടച്ചോ എന്നായി അതിലെ ആണ്‍തരി!!

ദാ ആ ഗ്രൂപ്പ് ചാറ്റിലെ അവസ്സാനഭാഗം!!


 • ചെക്കന്‍: NEED ** 4 SPEED

 • പെണ്ണ്: kkk

 • ചെക്കന്‍: a friend with weed is a friend indeed
 • പെണ്ണ് : good codes.....

 • ചെക്കന്‍: hehe..
                ne thinnan poyathano

 • പെണ്ണ് : poda kallikalla

 • ചെക്കന്‍: ideykku vellam kudikkane

 • പെണ്ണ് : da ninta photoyikku manappitham pidicho

 • ചെക്കന്‍: njan nokikollam

 • പെണ്ണ് : jacky u went to knanaya teens

 • ചെക്കന്‍: ninak manjapitham ayathukondu thonnunnatha

 • പെണ്ണ് : da cum to kanaya teens am gug there may i wil get gud life jacky also went

 • ഞാന്‍: നിങ്ങള്‍ക്ക് പ്രൈവറ്റ് ചാറ്റ് ഉപയോഗിച്ചുകൂടെ? ഇതെല്ലാവരും കാണില്ലേ!!  << ഇടയ്ക്ക് കേറിയുള്ള എന്റെ ഇടപെടല്‍.>>

 • ചെക്കന്‍: kaanadacho.. << കണ്ണടച്ചോളാന്‍ എന്നോട് >>

 • പെണ്ണ് : no me arun and jacky are so close << ഇതും എനിക്കുള്ള മറുപടി തന്നെ >>
  daaaaaaaa

 • ഞാന്‍: കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോടാണോ? << എനിക്കാദ്യം കത്തിയില്ല>>

 • ചെക്കന്‍: athe...malayaali <<എന്റെ മലയാളം ചാറ്റ് കണ്ട് അവനെന്നെ ഒന്ന് ആക്കിയതാ, അതേ മലയാളീന്ന് - മലയാളത്തോടവനു പുച്ഛം!!>>

 • പെണ്ണ് : athe, we r like ths <<കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോട് തന്നെയെന്ന്!! പെണ്‍കൊച്ചിന്റെ സപ്പോര്‍ട്ട്!! >>

 • ഞാന്‍: Only u two people are chating, but all the gruop members are getting this damm updates, either please stop this bloody chatting or use private chat - തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നു പറഞ്ഞതു പോലെ!!

 • വേറൊരുത്തന്‍: ohhhhhh << ഇതൊക്കെ കണ്ടും കേട്ടും നിന്ന മറ്റൊരുവന്റെ ആത്മഗതം - ഇവന്‍ എന്റെ ഫ്രണ്ടാണ്.>>

ഇതോടെ അവരുടെ പബ്ലിക് ചാറ്റിങ്ങ് നിന്നു.. എന്നെ തെറി വിളിച്ച് പാവങ്ങള്‍ പ്രൈവറ്റ് ചാറ്റിലേക്ക് പോയിക്കാണണം!!

ഗ്രൂപ്പചാറ്റിങിന്റെ സാധ്യതകള്‍
പലപ്പോഴും ഗ്രൂപ്പ് ചാറ്റിങ് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരു സ്കൂളിന്റെ ഗ്രൂപ്പൊക്കെ ആവുമ്പോള്‍ ആ സ്കൂളുമായി ബന്ധപ്പെട്ടതോ, അതല്ലെങ്കില്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ബാധകമായ പൊതുകാര്യങ്ങളെ കുറിച്ചോ ഒക്കെ ചര്‍ച്ചകള്‍ ആവാം. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കിൽ പരസ്പരം കൂട്ടുകാർ അല്ലെങ്കില്‍കൂടി ആ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതുമായി സഹകരിക്കും.

ഫെയ്സ്‌ബുക്കില്‍ ഗ്രൂപ്പുണ്ടാക്കാന്‍ വലിയ പണിയൊന്നും ഇല്ല. എത്ര ഗ്രൂപ്പുകള്‍ വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം. ഒരു ക്ലാസ്സില്‍ പഠിച്ചവര്‍. ഒരു വര്‍ഷം ഒന്നിച്ച് പാസൊഔട്ട് ആയവര്‍, ഒരു കോളേജില്‍ പഠിച്ചവര്‍, ഏതെങ്കിലും ഫിലിംസ്റ്റാറിനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍, ഒരേ ടേസ്റ്റുള്ളവര്‍, ഒരേ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീണ്ടുപോകുന്നു ഗ്രൂപ്പുകളുടെ സാധ്യതകള്‍...

വിദേശത്തൊരു പെണ്‍കൊച്ച് തന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുന്നു എന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ഒരു ഇവന്റിട്ടതും കണ്ടവര്‍ കണ്ടവര്‍ അത് റീഷെയര്‍ ചെയ്ത് അന്നേ ദിവസം ആയിരക്കണക്കിനാളുകള്‍ കുട്ടിയുടെ വീടിനു മുന്നില്‍ ആശംസകളുമായി തടിച്ചുകൂടി പൊതുജീവിതം സ്തംഭിച്ചതുമായ വാര്‍ത്ത ഈ അടുത്താണു നമ്മള്‍ കേട്ടത്... അവസാനം വീട്ടുകാര്‍ പെണ്‍കുട്ടിയെ രായ്ക്കുരാമാനം അവിടെ നിന്നും കടത്തുകയും പൊലീസെത്തി ആളുകളെ ഓടിച്ചുവിടുകയുമൊക്കെ ചെയ്യേണ്ടിവന്നു..

നമ്മള്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്താണ് ഒരു സോഷ്യല്‍ മീഡിയയുടെ കിടപ്പ്! അതറിയാതെ തന്റെ പോക്കുവരവുകളും മറ്റും പബ്ലിക്കാക്കി പണി പാഴ്‌സലായി ഇരന്നു വാങ്ങിക്കുന്നതിലും ഭേദം സംഗതികളെ കണ്ടറിഞ്ഞ് വേണ്ടതു മാത്രം പബ്ലിക്കാക്കി ആ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ്.

Wednesday, June 15, 2011

ഇരുപത്തിയഞ്ചു പൈസ ഓർമ്മയാവുന്നു


അകാലമൃത്യു വരിക്കാൻ പോകുന്ന ഇരുപത്തിയഞ്ചു പൈസയ്ക്ക് ആത്മശാന്തി നേരുന്നു :(

പണ്ട് ഒത്തിരി മിഠായികൾ നീ കാരണം നുണഞ്ഞിറക്കിയ ആ മധുരസ്മരണയിൽ എന്നും ഞങ്ങൾ നിന്നെ ഓർക്കും. ഇനി കേവലം പതിഞ്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ നിന്റെയാ മധുരസ്മരണകൾ മാത്രമാണു ഞങ്ങൾക്കു തുണ..

പണ്ടു നിന്നെ ഉപയോഗച്ച് വാങ്ങിച്ച പല്ലിമിഠായിയും ഓറഞ്ചുമിഠായിയും കടലയും പാലൈസും കോലൈസും ഒക്കെ ഇന്നു വിസ്മൃതിയിലേക്കു നീങ്ങിക്കഴിഞ്ഞു, സഹചാരികളിൽ മിക്കവരും എന്നേ കാലയവനികയ്ക്കുള്ളിലേക്കു വിലയം പ്രാപിച്ചു. നീ മാത്രം ഇങ്ങനെ മൃതപ്രായയായി ഇനിയെത്രനാൾ എന്നുമെണ്ണി കാലം കഴിച്ചുവരികയാണെന്നറിയാം. വേണ്ടപ്പെട്ടവരിതാ നിനക്കു ദയാവധം കനിഞ്ഞനുവദിച്ചിരിക്കുന്നു. ജൂലൈ ഒന്നു മുതൽ നീ വെറും ഓർമ്മ മാത്രമാവും. എങ്കിലും ജൂലൈ 30 വരെ നിനക്കീ ലോകത്തിന്റെ ശ്വാസം ശ്വസിക്കാം. നിന്നെ നൽകിയാൽ റിസർവ്‌ബാങ്ക് പുതിയ പൈസ തന്നു സഹായിക്കുമത്രേ!

വല്യമ്മയുടെ കോന്തലക്കെട്ടിൽ നിന്നും അമ്മയുടെ പേഴ്‌സിൽ നിന്നും അനിയത്തിയുടെ ഭണ്ഡാരപാത്രത്തിൽ നിന്നുമൊക്കെയായി എത്രയെത്ര ഇരുപത്തിയഞ്ചുപൈസകളെയാണ് അടിച്ചുമാറ്റിയിട്ടുള്ളത്. സ്കൂൾകാലത്തിന്റെ അവസാനത്തിൽ അധികപങ്കും യാത്ര ചെയ്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമായിരുന്നു. കാലമാറിയപ്പോൾ നിനക്കുള്ള വില ആളുകൾ തരാതായി. വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ആരും നിന്നെ എടുക്കാതെയായി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവർ പോലും നിന്നെ പുച്ഛഭാവത്തിൽ തള്ളിക്കളഞ്ഞു. ഇന്നിപ്പോൾ നിന്നെ അടിച്ചിറക്കാൻ നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ പണം ആവശ്യമാണത്രേ!! പൈസയുടെ വിലയേക്കാൾ അതുണ്ടാക്കാനുള്ള ലോഹത്തിനു വിലയേറിയത്രേ... (4 ഇരുപത്തിയഞ്ചുപൈസ തൂക്കിവിറ്റാൽ 10 രൂപ കിട്ടുമായിരുന്നു!! ) എന്നിട്ടുപോലും അവഗണനമാത്രമല്ലേ നിനക്കു മിച്ചം :( എങ്കിലും സകല അവഗണനകളും സഹിച്ച് നീ ഇത്രയും കാലം ഞങ്ങളെ സേവിച്ചു...

ഇടയ്ക്കെന്നോ സ്വർണവർണമാർന്ന് നീ വന്നപ്പോൾ കൗതുകമായിരുന്നു, മിഠായി പോലും വാങ്ങിക്കാതെ അന്നതു സൂക്ഷിച്ചുവെച്ചത് ഇന്നുമോർക്കുന്നു. ഓർമ്മപ്പെരുക്കങ്ങളിൽ നീ എന്നുമുണ്ടാവും. 1835 - ഇൽ വില്യം നാലാമന്റെ ഭരണക്കാലത്താണു 1/4 രൂപ വെള്ളിനാണയം ആദ്യമായി പുറത്തിറക്കിയത്. എങ്കിലും ഇരുപത്തിയഞ്ചുപൈസ എന്ന പദവികിട്ടാൻ 1957-60 കാലം വരെ കാത്തിരിക്കേണ്ടിവന്നു. കോപ്പറും- നിക്കലും ഒക്കെ കൂട്ടിക്കലർത്തിയായിരുന്നു ആദ്യം നിന്റെ രൂപം വാർത്തെടുത്തത്. പിന്നീടത് നല്ല പത്തരമാറ്റുള്ള സ്റ്റെയിന്‍ലസ്‌ സ്റ്റീലിലേക്കു മാറ്റി. ഒരു കാണ്ടാമൃഗത്തിന്റെ മുദ്രയോടെ സുന്ദരിയും പ്രൗഢഗംഭീരയുമായിട്ടാണു നിന്നെ അവസാനമയി കണ്ടതെന്നോർക്കുന്നു.

നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ നിന്റെ ശരീരത്തിനു മൂല്യമേറിയത് പല വിടന്മാരേയും നിന്നിലേക്ക് ആകർഷിപ്പിച്ചിരുന്നു. ആരാധാനാലയങ്ങളിലെ ഗുണ്ഡികകളിൽ നിന്നും നിന്നെ ശേഖരിച്ച് തൂക്കിവിറ്റവർ പണക്കാരായി. LTT പോലുള്ള ചീത്ത സംഘടനകൾ വെടിയുണ്ടയുണ്ടാക്കാൻ വേണ്ടി നിന്റെ ശരീരം ഉരുക്കിവാർത്തിരുന്നത് ഒരു പഴംകഥ! ഇപ്പോൾ നിന്റെ ചേട്ടൻ അമ്പതുപൈസയും ഈ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ട്. ഒരു പക്ഷേ സമീപഭാവിയിൽ നിനക്കുകൂട്ടായി ചേട്ടനും എത്തുമായിരിക്കും.

ബാല്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന പ്രിയ നാണയമേ നിനക്കെന്റെ യാത്രാമംഗളങ്ങൾ!!

Tuesday, May 31, 2011

മലയാളം വിക്കിപീഡിയ പ്രവർത്തകർ കണ്ണൂരിൽ ഒന്നിക്കുന്നു...

മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം ഈ വരുന്ന ജൂൺ 11-നു് കണ്ണുർ കാൽടെക്സിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ച് നടക്കുന്ന വിവരം എല്ലാവരും ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ വർഷത്തെ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത മലയാളം വിക്കിമീഡിയരോടൊപ്പം വിക്കിമീഡിയ ഫൗണ്ടേഷന്റെ പ്രതിനിധികളായി ടോണി റീഡ്, ബിശാഖ ദത്ത, ഹിഷാം മുണ്ടോൽ എന്നിവർ പങ്കെടുക്കുന്നു എന്നുള്ളതാണ്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിക്കിപീഡിയയിലെ നാലാം വിക്കി സംഗമം എന്ന താളിലെ പങ്കെടുക്കാൻ താല്പര്യം അറിയിച്ചവർ എന്ന ഭാഗത്ത് തങ്ങളുടെ പേർ ചേർക്കാൻ താല്പര്യപ്പെടുന്നു.

പേരു ചേർക്കാൻ വിക്കിയിൽ ലോഗിൻ ചെയ്ത ശേഷം മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട്
# ~~~ എന്നു മാത്രം നൽകിയാൽ മതി. വിക്കിപ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നു. അതോടൊപ്പം ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു..


എത്തിച്ചേരാൻ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ച് വന്നാൽ മതിയാവും. ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക, http://goo.gl/maps/JkGC . ഇതിൽ നിന്നും കാൽടെക്സ് ജംങ്‌ഷൻ അറിയാത്ത, കണ്ണൂരിൽ ഇതിനു മുമ്പ് വന്നിട്ടുള്ളവർക്ക് സ്ഥലത്തിനെ കുറിച്ച് ഏകദേശ ധാരണ കിട്ടും.

കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
http://defn.me/r/ml/371y

Tuesday, May 17, 2011

നമുക്കു വേണോ ഇങ്ങനെയൊരു രാഷ്ട്രീയം?

കാസർഗോഡടക്കം മറ്റുള്ള പല സ്ഥലങ്ങളിലും ബിജെപി കയറിവരാൻ പ്രധാന കാരണം കോൺഗ്രസാണ്; അല്ലെങ്കിൽ കോൺഗ്രസിന് ലീഗുപോലുള്ള വർഗീയപാർട്ടികളോടുള്ള അമിത സ്നേഹമാണ്. ഹിന്ദുക്കളുടെ ഇടയിൽ വൻതോതിലുള്ള വർഗീയ ധ്രുവീകരണത്തിന് ഇതു കാരണമാവുന്നു. ബിജെപി അതു നന്നായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ വര്‍ഗീയമായ ധ്രുവീകരണം മുസ്ലീങ്ങളുടെ വര്‍ഗീയ ശക്തിപ്പെടലിനു തിരിച്ചും കാരണമാവുന്നു. കേരളാ കോണ്‍ഗ്രസുകളുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെയാണ്‌. ക്രിസ്ത്യാനികളുടേയും നായന്മാരുടേയും ശക്തമായ ഏകീകരണം കോണ്‍ഗ്രസിന്റെ ഈ വൃത്തികെട്ട അധികാര ദുര്‍മോഹം വഴി ശക്തമാവുന്നു. വോട്ടുവാങ്ങി ജയിച്ചുകേറുന്ന ഇത്തരം വെറുക്കപ്പെട്ട ജന്മങ്ങള്‍ സുപ്രധാനവകുപ്പുകള്‍ വിലപേശിവാങ്ങിച്ച് അധികാരദുര്‍‌വിനിയോഗം നടത്തുന്നതും പലതവണ നമ്മള്‍ കണ്ടു കഴിഞ്ഞു. ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടവര്‍ അത്തരം വികാരങ്ങളെ കുത്തിയും തോണ്ടിയും വ്രണപ്പെടുത്തി വോട്ടാക്കി വാങ്ങിക്കുന്നു. അധമവികാരങ്ങളായി അവ മനസ്സില്‍ അടിഞ്ഞ് തമ്മില്‍ തമ്മില്‍ കലഹിച്ചു മരിക്കുന്ന ഒരു നാളെ നമുക്കു വിദൂരമല്ല.

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള ഏകീകരണം മൂലം ഒരു കാലത്തു നമ്മള്‍ നന്നാവാന്‍ പോകുന്നില്ല. പരസ്പര വിദ്വേഷത്തിനും, ചൂഷണങ്ങള്‍ക്കും അല്ലാതെ ഇവകൊണ്ട് ഇക്കാലത്ത് നേട്ടങ്ങളൊന്നും തന്നെയില്ല. ഒന്നും വേണ്ട എന്നു പറയുന്നില്ല. എല്ലാം ആയിക്കോട്ടെ; മുമ്പും ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ. പക്ഷേ, ജാതിയേയും മതത്തെയും രാഷ്ട്രിയത്തില്‍ നിന്നും മുക്തമാക്കുക തന്നെ വേണം. രാഷ്ട്രീയമായി ഒരു മതവും ഏകീകരിക്കരുത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മതത്തെയോ ജാതിയേയോ കരുവാക്കുകയും അരുത്. ദൗര്‍ഭാഗ്യകരമെന്നുതന്നെ പറയാം അധികാരം നോട്ടം‌വെച്ച് കോണ്‍ഗ്രസ് നടത്തുന്ന പൊറാട്ടുനാടകം കേരളത്തില്‍ ദൂരവ്യാപകമായ പല ദൂഷ്യങ്ങല്‍ക്കും സാക്ഷ്യം വഹിക്കും. ഈ പോക്കുപോയാല്‍ ഒരു കാലത്ത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഇതിനുവേണ്ടി ബലിയാടാവുമെന്നു തോന്നുന്നു.

തിരുവനന്തപുരത്തും കാസര്‍ഗോഡും ബിജെപിയുടെ വളര്‍ച്ചയും എല്‍ഡിഫിന്‌ ഇപ്രാവശ്യം പ്രവചിച്ചതുപോലുള്ള തോല്‍‌വി ലഭിക്കാതിരുന്നതിനും ഒരു മുഖ്യകാരണം കോണ്‍ഗ്രസിന്റെ വര്‍ഗീയകൂട്ടായ്മയോടുള്ള ജനങ്ങളുടെ അനഭിമതം തന്നെയാണ്‌. സമീപഭാവിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിന്‌ കോണ്‍ഗ്രസും കേരളവും വലിയ വില നല്‍കേണ്ടിവരും.

Thursday, April 21, 2011

പെരുമഴക്കാലം

വൗ മഴ! ഇവിടെ മഴ പെയ്യുകയാണ്. പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി കളിക്കൂട്ടുകാരിയുടെ കൈയും പിടിച്ച് ഒന്നാം ക്ലാസിന്റെ പടി കയറിയ ആ കുട്ടിക്കാലം ഓർമ്മ വരുന്നു. മഴയുടെ സംഗീതം കേട്ടു കിടന്നപ്പോൾ ഇന്നെഴുന്നേൽക്കാൻ അല്പം വൈകി! എങ്ങോ പോയ്മറഞ്ഞ ആ പഴയ മഴക്കാലം മനസ്സിൽ വന്നു നിറയുന്നു... എന്തു രസമായിരുന്നു അന്ന്!

ഇടവഴികളിലൂടെ കുത്തിയൊലിക്കുന്ന കലക്കവെള്ളത്തിൽ ഓലകൊണ്ടുണ്ടാക്കിയ ജലചക്രങ്ങൾ ഘടിപ്പിച്ച കുട്ടിക്കാലം. കരകവിഞ്ഞൊഴുകുന്ന നീരരവിയുടെ രൗദ്രതയിൽ പരിഭവം പറഞ്ഞു മാറിനിന്ന കുട്ടിക്കാലം... മഴയൊന്നു ശമിക്കുമ്പോൾ അരുവി കൊടിയ രൗദ്രത വിട്ട് തെളിനീരായൊഴുകുമ്പോൾ തോർത്തുമെടുത്ത് പരൽമീനുകളെ പിടിക്കാൻ വട്ടമിട്ട കുസൃതിക്കാലം - ആ പർൽമീനുകൾ ഇന്നെവിടെ? അന്നവ ഒഴുക്കിനെതിരേ നീന്തുമായിരുന്നു!!

എത്രതന്നെ ഭീകരമായാലും മഴയെ ആരും വെറുക്കുന്നില്ല! അളവറ്റു സ്നേഹിക്കുന്നുണ്ടു താനും... ഓരോ വർഷവും വൻ‌ നാശനഷ്ടങ്ങളൂണ്ടാക്കിയാണു മഴ പിൻ‌ വാങ്ങാറുള്ളത്, മഴകൂടി പ്രളയമായത് ഗ്രാമങ്ങളെ വിഴുങ്ങും, മലയിടിഞ്ഞ് കുത്തൊഴുക്കിൽ ജീവിതങ്ങൾ ഒലിച്ചുപോകും... മഴകൊണ്ടുവരുന്ന പകർച്ചവ്യാധികൾ വേറെ... ദുരിതമേറെ ബാക്കിയാക്കി ഒന്നുമറിയാത്തതു പോലെ അവസാനം മഴ നടന്നകലും. എങ്കിലും നമ്മൾ പിന്നേയും മഴയെ സ്നേഹിക്കുന്നു...
മഴ ഒരു പ്രണയിനിയെ പോലെയാണ്. കാതരയായി അവൾ എന്തൊക്കൊയോ നമ്മോടു പിറുപിറുക്കുന്നു. ചുടുള്ള നിശ്വാസമായി നമുക്കവളെ അനുഭവവേദ്യമാവുന്നു... നനുനനുത്ത മഴത്തുള്ളികൾ അനിർവചനീയമായ എന്തൊക്കെയോ ആയി മനസ്സിൽ പെയ്തിറങ്ങുന്നു. മഴ ഒരു മന്ത്രമാണ്!

വരണ്ടുണങ്ങുന്ന പ്രവാസമനസ്സിനെ തഴുകിത്തലോടുന്നുണ്ട് ഈ മഴ..ജീവനറ്റു പോകുന്ന മനസ്സുകൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണീ മഴ... മഴ പെയ്യുന്നതിപ്പോൾ മനസ്സിലാണ്. വിഹ്വലതകൾ നിറഞ്ഞ ഹൃദയത്തിനു പുത്തനുണർവായി, പുതുജീവനായി അതു പെയ്യട്ടെ!! നിറഞ്ഞു പെയ്യട്ടെ!!

എൻഡോ സൾഫാൻ നിരോധിക്കുക

സുന്ദരങ്ങളായ കാസർഗോഡൻ മലയോരങ്ങളിൽ വിഷമഴയായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലയാളമൊട്ടാകെ ജ്വലിച്ചുയരുകയാണ്. അതു നിരോധിക്കണമെന്നുള്ള ആവശ്യം രോക്ഷാഗ്നിയായി പടന്നു കയറുന്നു. കൊടിയ വിഷമാണെന്നെല്ലാ രാഷ്ട്രീയപാർട്ടിക്കാരും തലകുലുക്കി സമ്മതിക്കുമ്പോഴും അതിനെ നിരോധിക്കാനുള്ള വഴികൾ യാതൊന്നും ചെയ്യാതെ വീണ്ടും വീണ്ടും അതിനേക്കുറിച്ച് പഠിക്കാനായി ആളുകളെ അയക്കുകയാണു വേണ്ടപ്പെട്ടവർ!
നമുക്കിപ്പോൾ ആവശ്യം പഠന റിപ്പോർട്ടുകളല്ല; അതൊരുപാടു കിട്ടിക്കഴിഞ്ഞിട്ടുണ്ട്. ആ വിഷത്തിന്റെ പരിപൂർണമായ നിരോധനവും ദുരിതബാധിതരുടെ പുനരധിവാസവുമാണു നമുക്കുവേണ്ടത്. അമേരിക്ക കുത്തകകളുടെ കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരോട് അല്പം പോലും അനുഭാവം കാണിക്കതെ സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന ഒരു കേന്ദ്രഭരണകൂടം വേറേതു നാട്ടിൽ കാണും - നമുക്കല്ലാതെ? ഒരു തലമുറയെ അപ്പാടെ നശിപ്പിക്കുന്ന ആ വിപത്തിനെതിരെ ശക്തമായ ഭാഷയിൽ തന്നെ ശബ്ദിക്കുക. കമ്മീഷൻ വാങ്ങിച്ച് കീശവീർത്ത പവാറുമാരെ ഇനിയും ഉറ്റുനോക്കുന്നതിൽ അർത്ഥമില്ല. നമ്മുടെ പ്രതിക്ഷേധം ശക്തമായി തന്നെ അറിയിക്കേണ്ടിയിരിക്കുന്നു.

ഇനിയും ഉറങ്ങിക്കിടക്കതെ ഉണർന്നെണീറ്റു വരിക - ഈ വിപ്ലവത്തിൽ മുൻനിര പോരാളികളാവുക... "എൻഡോ സൾഫാൻ നിരോധിക്കുക" ഇതാവട്ടെ നമ്മുടെ മുദ്രാവാക്യം.

Sunday, March 13, 2011

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു - ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 - ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല - അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം... അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

Monday, March 7, 2011

സഹയാത്രിക

ബസ്സില്‍
അവള്‍ : ചേട്ടാ ഈ ബസ്സ് അഗര ജംങ്‌ഷനില്‍ പോകുമോ?
ഞാന്‍ : ഇല്ലല്ലോ. അതിനു മുമ്പുള്ള ലഫ്റ്റിലൂടെ അകത്തോട്ടു പോകും.
അവള്‍ : ചേട്ടനെവിടെയാ ഇറങ്ങേണ്ടത്?
ഞാന്‍ : എച്ച് എസ് ആറില്‍ ഇറങ്ങണം, ബലന്തൂരാണു പോകേണ്ടത്.
അവള്‍ : എനിക്കു മാര്‍ത്തഹള്ളിക്കു പോകാനാ
ഞാന്‍ : എന്റെ കൂടെ ഇറങ്ങിക്കോളൂ....

ബസ്സ്‌ സ്റ്റോപ്പില്‍

അവള്‍ : ചേട്ടനെവിടെയാ വര്‍ക്ക് ചെയ്യുന്നത്.
ഞാന്‍ : അവിടെ അടുത്തു തന്നെയാണ് . <<കമ്പനിയുടെ പേരു പറഞ്ഞുകൊടുക്കുന്നു.>> നീയോ?
അവള്‍ : <<കമ്പനിയുടെ പേരു പറയുന്നു.>> ഡവലപ്പ്മെന്റാണ്.
ഞാന്‍ : :( കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ല. എന്താണു ഡൊമൈന്‍?
അവള്‍ : പി എച്ച് പി, ഫ്ലക്‌സ്
ഞാന്‍ : ഓക്കേ, നീ കാസര്‍‌ഗോഡു നിന്നാണോ കയറിയത്?
അവള്‍ : അല്ല, കാഞ്ഞങ്ങാടു നിന്നു.. ഞാന്‍ ചേട്ടനെ കണ്ടിരുന്നു. അവിടുന്നല്ലേ കയറിയത്... എന്റെ വീട് അവിടെ അടുത്തു തന്നെയാണ് - നിത്യാനന്ദസ്വാമീ ടെമ്പിളിന്റെ അടുത്തായിട്ട്...
ഞാന്‍ : എന്താ പേര്?
അവള്‍ : സൗമ്യ. ചേട്ടന്റെ പേരെന്താ?
ഞാന്‍ : രാജേഷ്.
സൗമ്യ : ചേട്ടാ അവിടെ പി എച്ച് പി-യില്‍ ഒഴിവു വല്ലതും ഉണ്ടാവുമോ?
ഞാന്‍ : ഇടയ്‌ക്കുണ്ടാവാറുണ്ട്. എത്ര വര്‍ഷമായി ഇവിടെ വര്‍ക്ക് ചെയ്യുന്നു?
സൗമ്യ: ഒന്നര വര്‍ഷമായി - മഡിവാളയായിരുന്നു മുമ്പ് താമസ്സിച്ചത്. ഇപ്പോള്‍ അങ്ങോട്ടു മാറിയിട്ട് കുറച്ചായി. രാവിലെ ബുദ്ധിമുട്ടുതന്നെ.
ഞാന്‍ : ശരിയാ. രണ്ടു ബസ്സു കയറേണ്ടി വരുന്നു.
സൗമ്യ : ചേട്ടന്റെ മെയിലൈഡി തരുമോ?
ഞാന്‍ : അതിനെന്താ.. << ഞാന്‍ മെയില്‍‌ ഐഡി കൊടുക്കുന്നു>>
സൗമ്യ മൊബൈലിലേക്ക് അതു ഫീഡ് ചെയ്യുന്നു.
ഞാന്‍ : ബസ്സു വരുന്നുണ്ട്. പോകാം.
സൗമ്യ: വാ പോകാം

ഓഫീസില്‍
ചായ കുടിച്ചു വന്ന് ഗൂഗിള്‍ ബസ്സു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈലില്‍ ഒരു മെസേജു വന്നു. ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :Soumya R has requested to add you as a friend on Facebook. You have 4 friends in common. Reply "add" to add, or "info" to get profile.
ചുണ്ടില്‍ നിന്നും ചെറിയൊരു ചിരി പടര്‍ന്നു കയറി, ഫെയ്‌സ്‌ബുക്ക് ഓപ്പണ്‍ ചെയ്യാനുള്ള ടൈം പോലും കൊടുക്കാതെ മറുപടി കൊടുത്തു : add
വീണ്ടും ഫെയ്‌സ്‌ബുക്ക് അലേര്‍ട്ട് :You are now friends with Soumya R. Reply "sub"to subscribe to Soumya's Status.

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ