Saturday, June 25, 2011

ഇത്രയ്ക്കങ്ങോട്ട് ഓപ്പണാവണോ!!

കാര്യമൊക്കെ ശരി തന്നെ. ഫെയ്സ്‌ബുക്ക് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തന്നെ. സമ്മതിച്ചു! അതില്‍ പലതരത്തിലുള്ള പോസ്റ്റിങ്സ് വരും ഫോട്ടോസ് വരും വീഡിയോസും വരും. നമുക്ക് വേണ്ടത് എടുക്കുക, അല്ലാത്തത് ഒഴിവാക്കുക. ഇഷ്ടപ്പെട്ടെങ്കില്‍ നമുക്കു ലൈക്ക് ചെയ്യാം; റീഷെയര്‍ ചെയ്യാം... അതാതിനു പറഞ്ഞിരിക്കുന്ന ഫീഡ് ചാനലിലൂടെ ഓരോ അപ്‌ഡേറ്റ്സും മാറിമറിഞ്ഞ് നമ്മളെ ശല്യം ചെയ്യാതെ പോകും. ഈ ഒരു തത്ത്വം അംഗീകരിക്കുന്നവന്‍ ഇതില്‍ കേറി പണിതാല്‍ മതി. അതാണതിന്റെ ന്യായം!

എന്നാല്‍ നമുക്ക് പ്രൈവറ്റാക്കി വെയ്ക്കാന്‍ പറ്റുന്ന ചില കാര്യങ്ങളൊക്കെ പ്രൈവറ്റാക്കി തന്നെ വെയ്ക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍. എല്ലാം തുറന്നുകാട്ടലില്‍ ഹരം കൊള്ളുന്നവര്‍ കാണും. രണ്ടു വ്യക്തികള്‍ തമ്മില്‍ പോകുന്നതും വരുന്നതും ഒക്കെ വിശദീകരിക്കുന്ന പ്രൈവറ്റ് ചാറ്റൊക്കെ പബ്ലിക്കായി നടത്തുക എന്നത് മോശമായ ഒരു കാര്യമല്ലേ! ഫീഡസ് ചാനലിലൂടെ അപ്‌ഡേറ്റ്സ് വരുന്നതു പോലെയല്ല ഫെയ്‌സ്ബുക്ക് ചാറ്റ് വിന്‍ഡോ പൊങ്ങി വരുന്നത്, ഞാനാണെങ്കില്‍ ഫെയ്സ്‌ബുക്കിനെ യാഹു മെസഞ്ചറുമായി കണക്‌റ്റ് ചെയ്തിരിക്കുന്നതിനാല്‍ ആരെങ്കില്‍ ഒന്നു hi പറഞ്ഞാല്‍ വലിയ ബഹളത്തില്‍ മെസഞ്ചറിന്റെ വിന്‍ഡോ ചാടി വീഴും. ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റ് ചെയ്യാം. അവരുടെ ചാറ്റ് ഞാന്‍ കാണാതെ പോകരുത് എന്ന ആഗ്രഹം ഉള്ളതിനാല്‍ തന്നെയാണ് മെസഞ്ചറുമായി കണക്റ്റ് ചെയ്തതും കണക്റ്റ് ചെയ്തപ്പോള്‍ മെസഞ്ചറിന്റെ സൗണ്ട് കൂടി എനേബിള്‍ ചെയ്തു വെച്ചതും. പൊതുവേ ഞാന്‍ ചാറ്റിംങിനോട് അല്പം വിമുഖതയുള്ള ആളാണ്. അനാവശ്യമായി, അങ്ങോട്ട് കേറി ആരോടും ചാറ്റ് ചെയ്യാറില്ല - വളരെ അത്യാവശ്യത്തിനു മാത്രമേ ഞാന്‍ അതുപയോഗിക്കാറും ഉള്ളൂ. എന്നാല്‍ ഇങ്ങോട്ട് ചാറ്റിങിനു വരുന്നവരെ നിരാശപ്പെടുത്താറുമില്ല. അവര്‍ക്കു മതിയാവും വരെ ചാറ്റ് ചെയ്യാറുണ്ട്.

സംഗതി ഇങ്ങനെയൊക്കെയാനെങ്കിലും രണ്ടുമൂന്നു ദിവസമായി ഒരു ഫെയ്സ്‌ബുക്ക് ഗ്രൂപ്പ്-ചാറ്റില്‍ ഒരു ചെക്കനും പെണ്ണും സ്ഥിരമായി ചാറ്റ് ചെയ്യുന്നു. അവര്‍ക്ക് പ്രൈവറ്റ് ചാറ്റിംങ് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആ ഗ്രൂപ്പില്‍ ഞാനും അംഗമായതിനാല്‍ ഗ്രൂപ്പ്ചാറ്റിന്റെ അപ്ഡേറ്റ്സ് കൃത്യമായി എന്റെ മെസഞ്ചറില്‍ ബ്ലും എന്ന വലിയ ശബ്ദത്തില്‍ വന്നുകൊണ്ടിരുന്നു. ഗ്രൂപ്പിലാണെങ്കില്‍ 150 ഓളം മെമ്പേഴ്‌സ് ഉണ്ട്. പഴയ സ്കൂളിന്റെ ഗ്രൂപ്പായതു കൊണ്ട് ഒഴിഞ്ഞു പോരാനും മനസ്സുവന്നില്ല. രണ്ടു ദിവസം ഞാന്‍ ക്ഷമിച്ചു. അവരോട് മാന്യമായ ഭാഷയില്‍ ഒന്നു പറഞ്ഞു. രണ്ട്പേര്‍ മാത്രമാണ്. പറയുന്നതു മുഴുവന്‍ ഒരുവക...! അങ്ങനെയൊക്കെയാവുമ്പോള്‍ പ്രൈവറ്റ് ചാറ്റ് ഉപയോഗിക്കുന്നതാണു നല്ലത് എന്നൊക്കെ. ചിലപ്പോള്‍ പുതിയ പിള്ളേരല്ലേ, അറിയാന്‍ പാടില്ലാത്തതിനാല്‍ ആയിരിക്കും എന്നു കരുതി. എന്നാല്‍ കാര്യങ്ങള്‍ളറിഞ്ഞിട്ടും ഇവര്‍ക്കൊരു കുലുക്കവും ഇല്ല; ചാറ്റിങ് നിര്‍ബാധം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഞാന്‍ ആ ഗ്രൂപ്പില്‍ പോയി ഒരു പോസ്റ്റിട്ടു. രണ്ടുപേര്‍ മാത്രമുള്ള പേര്‍സണല്‍ കാര്യങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റിനേക്കാള്‍ നല്ലത് പ്രൈവറ്റ് ചാറ്റാണെന്നൊക്കെ! എവിടെ!! ചാറ്റില്‍ ഹരം പിടിച്ച ഈ യുവഹൃദയങ്ങള്‍ ഉണ്ടോ ഇതു വല്ലതു ശ്രദ്ധിക്കുന്നു. നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ കണ്ണടച്ചോ എന്നായി അതിലെ ആണ്‍തരി!!

ദാ ആ ഗ്രൂപ്പ് ചാറ്റിലെ അവസ്സാനഭാഗം!!


 • ചെക്കന്‍: NEED ** 4 SPEED

 • പെണ്ണ്: kkk

 • ചെക്കന്‍: a friend with weed is a friend indeed
 • പെണ്ണ് : good codes.....

 • ചെക്കന്‍: hehe..
                ne thinnan poyathano

 • പെണ്ണ് : poda kallikalla

 • ചെക്കന്‍: ideykku vellam kudikkane

 • പെണ്ണ് : da ninta photoyikku manappitham pidicho

 • ചെക്കന്‍: njan nokikollam

 • പെണ്ണ് : jacky u went to knanaya teens

 • ചെക്കന്‍: ninak manjapitham ayathukondu thonnunnatha

 • പെണ്ണ് : da cum to kanaya teens am gug there may i wil get gud life jacky also went

 • ഞാന്‍: നിങ്ങള്‍ക്ക് പ്രൈവറ്റ് ചാറ്റ് ഉപയോഗിച്ചുകൂടെ? ഇതെല്ലാവരും കാണില്ലേ!!  << ഇടയ്ക്ക് കേറിയുള്ള എന്റെ ഇടപെടല്‍.>>

 • ചെക്കന്‍: kaanadacho.. << കണ്ണടച്ചോളാന്‍ എന്നോട് >>

 • പെണ്ണ് : no me arun and jacky are so close << ഇതും എനിക്കുള്ള മറുപടി തന്നെ >>
  daaaaaaaa

 • ഞാന്‍: കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോടാണോ? << എനിക്കാദ്യം കത്തിയില്ല>>

 • ചെക്കന്‍: athe...malayaali <<എന്റെ മലയാളം ചാറ്റ് കണ്ട് അവനെന്നെ ഒന്ന് ആക്കിയതാ, അതേ മലയാളീന്ന് - മലയാളത്തോടവനു പുച്ഛം!!>>

 • പെണ്ണ് : athe, we r like ths <<കണ്ണടച്ചോ എന്നു പറഞ്ഞത് എന്നോട് തന്നെയെന്ന്!! പെണ്‍കൊച്ചിന്റെ സപ്പോര്‍ട്ട്!! >>

 • ഞാന്‍: Only u two people are chating, but all the gruop members are getting this damm updates, either please stop this bloody chatting or use private chat - തൂറാത്തവന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ടാറാട്ട് എന്നു പറഞ്ഞതു പോലെ!!

 • വേറൊരുത്തന്‍: ohhhhhh << ഇതൊക്കെ കണ്ടും കേട്ടും നിന്ന മറ്റൊരുവന്റെ ആത്മഗതം - ഇവന്‍ എന്റെ ഫ്രണ്ടാണ്.>>

ഇതോടെ അവരുടെ പബ്ലിക് ചാറ്റിങ്ങ് നിന്നു.. എന്നെ തെറി വിളിച്ച് പാവങ്ങള്‍ പ്രൈവറ്റ് ചാറ്റിലേക്ക് പോയിക്കാണണം!!

ഗ്രൂപ്പചാറ്റിങിന്റെ സാധ്യതകള്‍
പലപ്പോഴും ഗ്രൂപ്പ് ചാറ്റിങ് അത്യാവശ്യമാണ്. ഇതുപോലുള്ള ഒരു സ്കൂളിന്റെ ഗ്രൂപ്പൊക്കെ ആവുമ്പോള്‍ ആ സ്കൂളുമായി ബന്ധപ്പെട്ടതോ, അതല്ലെങ്കില്‍ ഗ്രൂപ്പിലെ എല്ലാവര്‍ക്കും ബാധകമായ പൊതുകാര്യങ്ങളെ കുറിച്ചോ ഒക്കെ ചര്‍ച്ചകള്‍ ആവാം. പൊതു താല്പര്യത്തെ മുന്‍നിര്‍ത്തിയാണെങ്കിൽ പരസ്പരം കൂട്ടുകാർ അല്ലെങ്കില്‍കൂടി ആ ഗ്രൂപ്പിലെ മെമ്പേഴ്‌സ് അതുമായി സഹകരിക്കും.

ഫെയ്സ്‌ബുക്കില്‍ ഗ്രൂപ്പുണ്ടാക്കാന്‍ വലിയ പണിയൊന്നും ഇല്ല. എത്ര ഗ്രൂപ്പുകള്‍ വേണമെങ്കിലും ഉണ്ടാക്കുകയും ചെയ്യാം. ഒരു ക്ലാസ്സില്‍ പഠിച്ചവര്‍. ഒരു വര്‍ഷം ഒന്നിച്ച് പാസൊഔട്ട് ആയവര്‍, ഒരു കോളേജില്‍ പഠിച്ചവര്‍, ഏതെങ്കിലും ഫിലിംസ്റ്റാറിനെ പൊക്കിക്കൊണ്ട് നടക്കുന്നവര്‍, ഒരേ ടേസ്റ്റുള്ളവര്‍, ഒരേ ജോലി ചെയ്യുന്നവര്‍ അങ്ങനെ നീണ്ടുപോകുന്നു ഗ്രൂപ്പുകളുടെ സാധ്യതകള്‍...

വിദേശത്തൊരു പെണ്‍കൊച്ച് തന്റെ ജന്മദിനം ആര്‍ഭാടപൂര്‍വം ആഘോഷിക്കുന്നു എന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ ഒരു ഇവന്റിട്ടതും കണ്ടവര്‍ കണ്ടവര്‍ അത് റീഷെയര്‍ ചെയ്ത് അന്നേ ദിവസം ആയിരക്കണക്കിനാളുകള്‍ കുട്ടിയുടെ വീടിനു മുന്നില്‍ ആശംസകളുമായി തടിച്ചുകൂടി പൊതുജീവിതം സ്തംഭിച്ചതുമായ വാര്‍ത്ത ഈ അടുത്താണു നമ്മള്‍ കേട്ടത്... അവസാനം വീട്ടുകാര്‍ പെണ്‍കുട്ടിയെ രായ്ക്കുരാമാനം അവിടെ നിന്നും കടത്തുകയും പൊലീസെത്തി ആളുകളെ ഓടിച്ചുവിടുകയുമൊക്കെ ചെയ്യേണ്ടിവന്നു..

നമ്മള്‍ കണക്കുകൂട്ടുന്നതിനും അപ്പുറത്താണ് ഒരു സോഷ്യല്‍ മീഡിയയുടെ കിടപ്പ്! അതറിയാതെ തന്റെ പോക്കുവരവുകളും മറ്റും പബ്ലിക്കാക്കി പണി പാഴ്‌സലായി ഇരന്നു വാങ്ങിക്കുന്നതിലും ഭേദം സംഗതികളെ കണ്ടറിഞ്ഞ് വേണ്ടതു മാത്രം പബ്ലിക്കാക്കി ആ മീഡിയയുടെ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ്.

Wednesday, June 15, 2011

ഇരുപത്തിയഞ്ചു പൈസ ഓർമ്മയാവുന്നു


അകാലമൃത്യു വരിക്കാൻ പോകുന്ന ഇരുപത്തിയഞ്ചു പൈസയ്ക്ക് ആത്മശാന്തി നേരുന്നു :(

പണ്ട് ഒത്തിരി മിഠായികൾ നീ കാരണം നുണഞ്ഞിറക്കിയ ആ മധുരസ്മരണയിൽ എന്നും ഞങ്ങൾ നിന്നെ ഓർക്കും. ഇനി കേവലം പതിഞ്ചുനാൾ കൂടി കഴിഞ്ഞാൽ പിന്നെ നിന്റെയാ മധുരസ്മരണകൾ മാത്രമാണു ഞങ്ങൾക്കു തുണ..

പണ്ടു നിന്നെ ഉപയോഗച്ച് വാങ്ങിച്ച പല്ലിമിഠായിയും ഓറഞ്ചുമിഠായിയും കടലയും പാലൈസും കോലൈസും ഒക്കെ ഇന്നു വിസ്മൃതിയിലേക്കു നീങ്ങിക്കഴിഞ്ഞു, സഹചാരികളിൽ മിക്കവരും എന്നേ കാലയവനികയ്ക്കുള്ളിലേക്കു വിലയം പ്രാപിച്ചു. നീ മാത്രം ഇങ്ങനെ മൃതപ്രായയായി ഇനിയെത്രനാൾ എന്നുമെണ്ണി കാലം കഴിച്ചുവരികയാണെന്നറിയാം. വേണ്ടപ്പെട്ടവരിതാ നിനക്കു ദയാവധം കനിഞ്ഞനുവദിച്ചിരിക്കുന്നു. ജൂലൈ ഒന്നു മുതൽ നീ വെറും ഓർമ്മ മാത്രമാവും. എങ്കിലും ജൂലൈ 30 വരെ നിനക്കീ ലോകത്തിന്റെ ശ്വാസം ശ്വസിക്കാം. നിന്നെ നൽകിയാൽ റിസർവ്‌ബാങ്ക് പുതിയ പൈസ തന്നു സഹായിക്കുമത്രേ!

വല്യമ്മയുടെ കോന്തലക്കെട്ടിൽ നിന്നും അമ്മയുടെ പേഴ്‌സിൽ നിന്നും അനിയത്തിയുടെ ഭണ്ഡാരപാത്രത്തിൽ നിന്നുമൊക്കെയായി എത്രയെത്ര ഇരുപത്തിയഞ്ചുപൈസകളെയാണ് അടിച്ചുമാറ്റിയിട്ടുള്ളത്. സ്കൂൾകാലത്തിന്റെ അവസാനത്തിൽ അധികപങ്കും യാത്ര ചെയ്തത് നിന്റെ കാരുണ്യം കൊണ്ടു മാത്രമായിരുന്നു. കാലമാറിയപ്പോൾ നിനക്കുള്ള വില ആളുകൾ തരാതായി. വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ആരും നിന്നെ എടുക്കാതെയായി. ഭിക്ഷാടനം നടത്തി ഉപജീവനം നടത്തുന്നവർ പോലും നിന്നെ പുച്ഛഭാവത്തിൽ തള്ളിക്കളഞ്ഞു. ഇന്നിപ്പോൾ നിന്നെ അടിച്ചിറക്കാൻ നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ പണം ആവശ്യമാണത്രേ!! പൈസയുടെ വിലയേക്കാൾ അതുണ്ടാക്കാനുള്ള ലോഹത്തിനു വിലയേറിയത്രേ... (4 ഇരുപത്തിയഞ്ചുപൈസ തൂക്കിവിറ്റാൽ 10 രൂപ കിട്ടുമായിരുന്നു!! ) എന്നിട്ടുപോലും അവഗണനമാത്രമല്ലേ നിനക്കു മിച്ചം :( എങ്കിലും സകല അവഗണനകളും സഹിച്ച് നീ ഇത്രയും കാലം ഞങ്ങളെ സേവിച്ചു...

ഇടയ്ക്കെന്നോ സ്വർണവർണമാർന്ന് നീ വന്നപ്പോൾ കൗതുകമായിരുന്നു, മിഠായി പോലും വാങ്ങിക്കാതെ അന്നതു സൂക്ഷിച്ചുവെച്ചത് ഇന്നുമോർക്കുന്നു. ഓർമ്മപ്പെരുക്കങ്ങളിൽ നീ എന്നുമുണ്ടാവും. 1835 - ഇൽ വില്യം നാലാമന്റെ ഭരണക്കാലത്താണു 1/4 രൂപ വെള്ളിനാണയം ആദ്യമായി പുറത്തിറക്കിയത്. എങ്കിലും ഇരുപത്തിയഞ്ചുപൈസ എന്ന പദവികിട്ടാൻ 1957-60 കാലം വരെ കാത്തിരിക്കേണ്ടിവന്നു. കോപ്പറും- നിക്കലും ഒക്കെ കൂട്ടിക്കലർത്തിയായിരുന്നു ആദ്യം നിന്റെ രൂപം വാർത്തെടുത്തത്. പിന്നീടത് നല്ല പത്തരമാറ്റുള്ള സ്റ്റെയിന്‍ലസ്‌ സ്റ്റീലിലേക്കു മാറ്റി. ഒരു കാണ്ടാമൃഗത്തിന്റെ മുദ്രയോടെ സുന്ദരിയും പ്രൗഢഗംഭീരയുമായിട്ടാണു നിന്നെ അവസാനമയി കണ്ടതെന്നോർക്കുന്നു.

നീ പ്രതിനിധാനം ചെയ്യുന്ന മൂല്യത്തേക്കാൾ നിന്റെ ശരീരത്തിനു മൂല്യമേറിയത് പല വിടന്മാരേയും നിന്നിലേക്ക് ആകർഷിപ്പിച്ചിരുന്നു. ആരാധാനാലയങ്ങളിലെ ഗുണ്ഡികകളിൽ നിന്നും നിന്നെ ശേഖരിച്ച് തൂക്കിവിറ്റവർ പണക്കാരായി. LTT പോലുള്ള ചീത്ത സംഘടനകൾ വെടിയുണ്ടയുണ്ടാക്കാൻ വേണ്ടി നിന്റെ ശരീരം ഉരുക്കിവാർത്തിരുന്നത് ഒരു പഴംകഥ! ഇപ്പോൾ നിന്റെ ചേട്ടൻ അമ്പതുപൈസയും ഈ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ട്. ഒരു പക്ഷേ സമീപഭാവിയിൽ നിനക്കുകൂട്ടായി ചേട്ടനും എത്തുമായിരിക്കും.

ബാല്യത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന പ്രിയ നാണയമേ നിനക്കെന്റെ യാത്രാമംഗളങ്ങൾ!!

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ