Monday, April 26, 2010

മാറ്റുവിന്‍‌ ചട്ടങ്ങളേ...

സാധാരണക്കാരന്റെ നെഞ്ചത്തുചവിട്ടിനിന്നുകൊണ്ട്‌ "കേരളത്തില്‍‌" ഇടതുപക്ഷകക്ഷികളുടെ "അഖിലേന്ത്യാ" ഹര്‍‌ത്താല്‍‌ (ഏപ്രില്‍ 27, 2010)‌ ആരം‌ഭിച്ചിരിക്കുന്നു. അവരവരുടെ പാര്‍‌ട്ടിയിലെ മെമ്പര്‍‌മാര്‍‌ മാത്രം‌ പണിമുടക്കി വീട്ടിലിരുന്നാല്‍‌ പോരായിരുന്നോ? എന്തിനു മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍‌ ഇവര്‍‌ കൈകടത്തുന്നു. ജനകീയജനാധിപത്യവിപ്ലവത്തിനു ലെവിയടച്ചു കാത്തിരിക്കുന്ന സഖാക്കളും‌ ഈ കക്ഷികളുടെ പോക്ഷകസം‌ഘടനകളിലെ മെമ്പര്‍‌മാരും‌ ഒക്കെ കൂടുമ്പോള്‍‌ തന്നെ ലക്ഷങ്ങള്‍‌ ആവുമല്ലോ..! അവര്‍‌ അവരുടെ കടകള്‍‌ തുറക്കാതിരിക്കട്ടെ, അവരുടെ വാഹനങ്ങള്‍‌ ഓടിക്കാതിരിക്കട്ടെ, അവരുടെ ബന്ധുക്കള്‍ ദൂരെ‌ മരിച്ചാല്‍‌ പോകാതിരിക്കട്ടെ... മറ്റു പാര്‍‌ട്ടി അനുയായികളുടേയും നിഷ്‌പക്ഷക്കാരുടേയും‌ സ്വാതന്ത്ര്യത്തിനു വിലക്കേര്‍‌പ്പെടുത്താന്‍‌ ഏതു നിയമമാണാവോ ഇവര്‍‌ക്കു കൂട്ടുനി‌ക്കുന്നത്? ഈ കാണിക്കുന്നത്‌ ജനദ്രോഹമാണ്. തികഞ്ഞ കാടത്തമായി മാത്രം‌ കണ്ട്‌, തെരഞ്ഞെടുപ്പുകളില്‍‌‌ ഇത്തരം‌ ജനദ്രോഹികളെ ഒറ്റപ്പെടുത്തുക...!

ആയിരങ്ങളുടെ നഷ്ടങ്ങളല്ലാതെ ഹര്‍‌ത്താല്‍‌ കൊണ്ട്‌ നേട്ടങ്ങളുണ്ടായതായി ഇതു വരെ കേട്ടിട്ടില്ല. പലപ്പോഴും‌ ആക്രമങ്ങളില്‍ പെട്ട്‌ പല ജീവനും‌ കൊഴിഞ്ഞുപോയിട്ടുമുണ്ട്‌; ലക്ഷങ്ങളുടെ പൊതുമുതല്‍‌ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതാണോ സമരാനുകൂലികളുടെ ലക്ഷ്യം? കുഞ്ഞിനേയും‌ കൊണ്ടാശുപത്രിയിലേക്കു പോകുന്ന ഓട്ടോയുടെ ടയറിലെ കാറ്റഴിച്ചുവിട്ടുകൊണ്ടുള്ള വിപ്ലവം‌ കഴിഞ്ഞ പ്രാവശ്യം‌ ഏതോ പത്രത്തില്‍‌ കണ്ടിരുന്നു. അതുകാണിച്ചപ്പോള്‍‌ ഒരു സഖാവുപറഞ്ഞത്‌ അതു കുത്തകബൂര്‍‌ഷ്വാ പത്രമായ മനോരമ സെറ്റിട്ടെടുത്ത നാടകത്തിലെ ഒരു രം‌ഗമെന്നാണ്. സ്വയമൊരു പുകമറയുണ്ടാക്കി പുറത്തുചാടാനാവാതെ കുടുങ്ങിക്കിടക്കുകയാണിവിടെ സഖാക്കള്‍‌.  നേതാക്കളാവട്ടെ വിദേശങ്ങളില്‍‌പോയി പിരിവെടുത്ത കോടികള്‍‌ എങ്ങനെ കേരളത്തിലെത്തിക്കാനുള്ള കുറുക്കുവഴികളാലോചിക്കുകയാവും.

ഇന്നു ബന്ദാചരിക്കുന്ന ഇടതുപക്ഷം‌ അറിയുന്നുണ്ടോ ജീവിതപ്രാരാബ്ദവുമായി അലയേണ്ടിവരുന്ന സാധാരണക്കാരന്റെ നൊമ്പരം? അത്യാസന്നനിലയിലായി ആശുപത്രിയില്‍‌ എത്തേണ്ടവര്‍‌ ഇന്നെന്തുചെയ്യും‌? ഒരു പരീക്ഷ മാറ്റിവെക്കുമ്പോള്‍‌ ഒരു വിദ്യാര്‍‌ത്ഥി അനുഭവിക്കു മാനസിക സമ്മര്‍‌ദ്ദം‌ ഏതു പാര്‍‌ട്ടിക്കാരന്‍‌ സഹിക്കും?. മാറ്റിവെക്കപ്പെടുന്ന വിഹാഹങ്ങളും‌ ആഘോഷങ്ങളും‌ മറ്റും‌, മരണവീടുകളിലും‌ മറ്റും‌ എത്തിച്ചേരാന്‍‌ പറ്റാത്ത ബന്ധുക്കളുടെ ദു:ഖം...

ഇവിടെ, ബാം‌ഗ്ലൂരിലായിട്ടുപോലും‌ കഴിഞ്ഞമൂന്നു വര്‍ഷങ്ങള്‍‌ക്കുള്ളില്‍‌ നാലു പ്രാവശ്യം‌ എനിക്കു പണി കിട്ടിയിട്ടുണ്ട്.  ഒന്നോരണ്ടോ ദിവസത്തെ ലീവിനു വീട്ടില്‍‌പോയി തിരിച്ചുവരാനൊരുങ്ങുമ്പോളായിരിക്കും മിന്നല്‍‌ ഹര്‍‌ത്താലും‌ പണിമുടക്കുമൊക്കെ.

ഇങ്ങനെയാണോ പ്രതിക്ഷേധിക്കേണ്ടത്? ഞങ്ങള്‍‌ പ്രതിക്ഷേധിക്കുന്നു എന്നൊരു ബാഡ്‌ജ്‌ നെഞ്ചിലോ നെറ്റിയിലോ ഒട്ടിച്ചുവെച്ചിവര്‍‌ നാടുനീളെ നടക്കട്ടെ. എത്ര മാന്യമാവുമായിരുന്നു അത്! ലക്ഷക്കണക്കിനുണ്ടല്ലോ അനുയായികള്‍‌, ഓരോ ഏരിയ ഓരോ ലോക്കല്‍‌ കമ്മിറ്റിക്കായി വീതിച്ചുകൊണ്ടുക്കട്ടെ. നമ്മുടെ കോടതികള്‍‌ എന്തുകൊണ്ടിതിനെ നിരോധിക്കുന്നില്ല, വേഷം‌ മാറിവന്ന ബന്ദാണു ഹര്‍‌ത്താലെന്ന്‌ കോടതി അറിഞ്ഞില്ല എന്നുണ്ടോ?.

വാല്‍‌കഷ്‌ണം‌
ഇന്നു നടന്ന ഹര്‍‌ത്താല്‍‌ ദിനപരിപാടികളില്‍‌ ചിലത്‌ ഫോട്ടോകള്‍‌ മനോരമയില്‍‌ നിന്നും‌

കോടതിയും‌ ഹര്‍‌ത്താലും‌
2004 may 24 - നുള്ള ഹൈക്കോടതി ഫുള്‍‌ ബെഞ്ചിന്റെ ഉത്തരവുപ്രകാരം‌ ഹര്‍‌ത്താലില്‍‌ ജനജീവിതം‌ സ്തം‌ഭിപ്പിക്കതിരിക്കാന്‍‌ സര്‍‌ക്കാരിനു ബാധ്യതയുണ്ട്‌. വേണ്ടിവന്നാല്‍‌ പട്ടാളത്തെവരെ ഇറക്കി ക്രമസമാധനം‌ നിലനിര്‍‌ത്തണമെന്നു കോടതി പറയുന്നു.

കോടതി പറഞ്ഞ ചില കാര്യങ്ങള്‍‌
  • ഹര്‍‌ത്താലില്‍‌ ഭരണഘടനാ സ്തം‌ഭനവും‌ മൗലികാവകാശലംഘനവും ഉണ്ടാകുന്നില്ലെന്ന്‌ ഉറപ്പു വരുത്തണം‌. ക്രമസമാധാനപാലനത്തിന്‌ ഫലപ്രദമായ നടപടി എടുത്തില്ലെങ്കില്‍‌ ജില്ലാഭരണകൂടത്തിനും‌ പൊലീസ്‌ അധികാരികള്‍‌ക്കുമെതിരെ സര്‍‌ക്കാര്‍‌ നടപടി എടുക്കണം‌.
  • ഹര്‍ത്താലാഹ്വാനം‌ നല്‍‌കുന്നവര്‍‌ ആരേയും‌ നിര്‍‌ബന്ധിക്കരുതെന്ന്‌ അണികള്‍‌ക്കു നിര്‍‌ദ്ദേശം‌ നല്‍‌കണം‌.
  • പൊതു-സ്വകാര്യസ്വത്തിനുണ്ടാവുന്ന നാശനഷ്‌ടങ്ങള്‍‌ ഈടാക്കുന്നതു സംബന്ധിച്ച വിശദാം‌ശങ്ങള്‍‌ സര്‍‌ക്കാര്‍‌ പ്രസിദ്ധീകരിക്കണം‌. സ്വകാര്യവ്യക്തികളുടെ ജീവനും‌ സ്വത്തിനും‌ അപകടമുണ്ടായാല്‍‌ സര്‍‌ക്കാര്‍‌ ഉടനടി നഷ്‌ടപരിഹാരം‌ കൊടുക്കണം‌. അതു കാരണക്കാരില്‍‌ നിന്നും‌, പാര്‍‌ട്ടി/സം‌ഘടനകളില്‍‌ നിന്നും‌ ഈടാക്കണം‌.
  • ഹര്‍‌ത്താല്‍‌ ദിവസം‌ ജനങ്ങള്‍‌ക്കു ഭയാശങ്ക കൂടാതെ ഇറങ്ങിനടക്കാനും‌ വാഹനമോടിക്കാനും‌ സാഹചര്യമൊരുക്കണം‌. പൊതുഗതാഗതം‌ തടസപ്പെടില്ലെന്നുറപ്പു വരുത്തണം‌.
  • അതിക്രമം‌ കാണിക്കുന്നവര്‍‌ക്കെതിരേയും‌ അതിനു പ്രേരിപ്പിക്കുന്നവര്‍‌ക്കെതിരേയും‌ ക്രിമിനല്‍‌ കേസ്സെടുക്കണം.

Friday, April 23, 2010

വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം!

തെരഞ്ഞെടുപ്പ്‌ അടുക്കാറായി. പരസ്പരം‌ തെറി വിളിച്ചും‌ വിഴുപ്പലക്കിയും‌ അവര്‍‌ വീണ്ടും‌ നമ്മുടെ മുമ്പിലേക്കു വരും - ഒരു നാണവുമില്ലാതെ. നാടു ഭരിക്കാനായി നമ്മള്‍‌ തെരഞ്ഞെടുത്തു വിടുന്നവര്‍‌, ഭരണം‌ കിട്ടുമ്പോള്‍‌ നമ്മളെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. വാചകകോലാഹലങ്ങള്‍‌ നടത്തിയും‌ പൊതുമുതല്‍‌ കൊള്ളയടിച്ചും‌ വാര്‍‌ത്തകളില്‍‌ നിറഞ്ഞു നിന്ന്‌ നമ്മെ നോക്കി പരിഹസിക്കുന്നു. എന്തൊക്കെയായാലും‌ നമ്മള്‍‌ക്കൊരു കൂട്ടരെ തെരഞ്ഞെടുത്തേ പറ്റു. അഞ്ചുവര്‍ഷം‌ മാര്‍‌ക്സിസ്റ്റു ഭരിച്ചു; ഇനി കോണ്‍‌ഗ്രസ്‌ - ഇതാണു പണ്ടു മുതലേയുള്ള നമ്മുടെ ചിന്ത. ആരെ തെരഞ്ഞെടുത്താലും‌ കാര്യമായ മാറ്റങ്ങളൊന്നും‌ നടക്കുന്നില്ലെന്നുള്ളതു മറ്റൊരു സത്യം‌. കൈക്കൂലിയിലും‌ അഴിമതിയിലും‌ മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥവൃന്ദവും‌ അതിനു വളം‌ വെച്ചുകൊടുക്കുന്ന രാഷ്‌ട്രീയക്കാരുമൊക്കെ ചേര്‍‌ന്നു നടക്കുന്ന ഒരു പൊറാട്ടുനാടകം‌ മാത്രമാവുന്നു നമ്മുടെ ഭരണം‌. നമ്മളാരെ കുറ്റപ്പെടുത്തും?  ശുദ്ധഗതിക്കാരായ നേതാക്കളുടെ എണ്ണം‌ വിരലിലെണ്ണാവുന്നതു മാത്രമായി ചുരുങ്ങുന്നു. ഒരു വി. എസ്‌. അച്യുതാനന്ദനോ ഒരു എ.കെ. ആന്റണിയോ മാത്രം‌ പോരാ നമുക്ക്. അതുപോലെ സത്യസന്ധരായ ഒരുകൂട്ടം‌ ആള്‍‌ക്കാര്‍‌ വേണം‌. അതിനി സാധ്യമാവുമെന്നു തോന്നുന്നില്ല.

ഒത്തിരി രാഷ്ട്രീയപ്പാര്‍‌ട്ടികള്‍‌ നമുക്കുണ്ട്. ജാതിയുടേയും‌ മതത്തിന്റേയും‌ പേരില്‍‌ അവര്‍‌ സം‌ഘടിക്കുന്നു. തങ്ങളുടെ ജനസം‌ഖ്യയുടെ എണ്ണം‌ പറഞ്ഞവര്‍‌ അധികാരം‌ പിടിച്ചു വാങ്ങുന്നു. ഞങ്ങളുടെ പ്രമാണങ്ങളെ ചോദ്യം‌ ചെയ്യാന്‍‌ ഗവണ്‍‌മെന്റിന്‌ അധികാരമില്ല എന്നുവരെ പറഞ്ഞുവെക്കുന്നു ചിലര്‍‌. കേരളത്തെയും ഇന്ത്യയെയും സംശുദ്ധമാക്കാന്‍ ആദ്യമായി വേണ്ടത് നിലവാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളെ പുറത്താകുക എന്നതാണ്. അത് നാം തന്നെ ചെയ്യണം. അതിനുള്ള അധികാരവും നമുക്കുണ്ട്. നമ്മള്‍ക്കെ ഉള്ളൂ
മുന്നണി നോക്കി വോട്ട് ചെയാതെ പകുതി സീറ്റിലെങ്കിലും മല്‍സരിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമ്മേ ഇപ്രാവശ്യം വോട്ട് ചെയ്യൂ എന്ന് വെറും 10 ശതമാനം പേര്‍ തീരുമാനിച്ചാല്‍ എല്ലാ രാഷ്ട്രീയ കുതിരകച്ചവടങ്ങളും നമുക്കവസാനിപ്പിക്കാം.

ഭൂരിപക്ഷം കിട്ടിയ പാര്‍ട്ടിയാണു ഭരിക്കുക എന്നു പറയാറുണ്ട്. ഭൂരിപക്ഷം‌ എന്നത്‌ വോട്ടു ചെയ്ത സം‌ഖ്യയുടെ ഭൂരിപക്ഷമാണ്. ലോകത്തിലെ മൊത്തം‌ മലയാളികളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍‌ ആകെ വോട്ടുചെയ്യുന്നവര്‍‌ തന്നെ അമ്പതുശതമാനത്തിനു താഴെയാണത്രേ. വോട്ടു ചെയ്യുന്നവരേക്കാള്‍‌ വോട്ടു ചെയ്യാത്തവരാണു കൂടുതല്‍‌! അങ്ങനെയുള്ള ആ ന്യൂനപക്ഷത്തില്‍‌ തന്നെ കമ്യൂണിസ്റ്റായും‌ കോണ്‍‌ഗ്രസ്സായും‌ ബിജെപിയായും‌ കൃസ്ത്യന്‍‌ കോണ്‍‌ഗ്രസ്സുകളായും‌ ഒക്കെ ചിതറിത്തിരിഞ്ഞു പോയവരിലെ ഭൂരിപക്ഷമാണു ഭരിക്കുക...!! ഇതാണോ ശരിക്കും‌ ഭൂരിപക്ഷം?


അങ്ങനെ കിട്ടുന്ന അധികാരത്തിലേക്കൊന്നു കേറിയിരിക്കാന്‍‌, മന്ത്രിസഭയുണ്ടാക്കാന്‍ ഒന്നോ രണ്ടോ എംപിമാരുടെയോ എമെല്ലെമാരുടെയോ ആവശ്യം വന്നാല്‍ അവരുടെ വില കോടികളാണെന്നു കഴിഞ്ഞ പ്രാവശ്യം‌ പത്രമാധ്യമങ്ങളിലൂടെ നാം‌ കണ്ടതാണ്. കോടികള്‍‌ അട്ടിയട്ടിയായി വാങ്ങിച്ച ആ നേതാക്കള്‍‌ക്കെന്തു സം‌ഭവിച്ചു? അവരെ ജയിലടച്ചോ? അയോഗ്യരാക്കിയോ? മറ്റുകഷിക്കാര്‍‌ അതിനെതിരെ പ്രതികരിച്ചോ? ഒന്നുമില്ല... അവരാരും‌ പ്രതികരിക്കില്ല, കാരണം‌ നാളെ അവര്‍‌ക്കും‌ ഇതൊക്കെ നടത്താനുള്ളതാണ്.

പലപ്പോഴും‌ ആര്‍‌ക്കെങ്കിലും‌ വോട്ടുചെയ്യാന്‍‌ നമ്മള്‍‌ നിര്‍‌ബന്ധിതരാവുകയാണ്. മറ്റൊരു സം‌വിധാനം‌ അതിലില്ലാത്തതുകോണ്ടോ എന്തോ? നില്‍‌ക്കുന്ന ഒരു സ്ഥാനാര്‍‌ത്ഥിയേയും‌ വിശ്വാസമില്ലെങ്കില്‍‌ നമുക്കെന്തു ചെയ്യാനാവും? വോട്ടു ചെയ്യാതിരിക്കുക! വോട്ടു ചെയ്യാതിരിക്കുക എന്നതു ഭരണഘടനാ ലം‌ഘനമെന്നും‌ പറഞ്ഞ് ഒരു കുട്ടിസഖാവ്‌ എന്നോട് പണ്ട് ഗുസ്തിക്കു വന്നിരുന്നു. അതിനെപ്പറ്റിയൊന്നും‌ കാര്യമായ അറിവില്ലാത്ത ഞാന്‍‌ അന്നു മിണ്ടാതിരുന്നു. എന്നിട്ടും‌ പക്ഷേ വോട്ടു ചെയ്യാന്‍‌ പോയില്ല. അതു കഴിഞ്ഞ്‌ ഒരു സുഹൃത്തു വഴികാട്ടിയതനുസരിച്ച്‌ ഗൂഗിളില്‍‌ നിന്നും‌ എനിക്ക്‌ THE CONDUCT OF ELECTIONS RULES, 1961 എന്നൊരു സംഭവം‌ കിട്ടുകയുണ്ടായി. അതില്‍‌ റൂള്‍‌ നമ്പര്‍‌ 49-O -ല്‍‌ പറയുന്നതു നോക്കുക [ ആ പേജ്‌ തുറന്നിട്ട്‌ ctrl + f press ചെയ്തിട്ട്‌ 49-O എന്ന നമ്പര്‍‌ സേര്‍‌ച്ചു ചെയ്താല്‍‌ കിട്ടും]:

Elector deciding not to vote.-If an elector, after his electoral roll number has been duly entered in the register of voters in Form-17A and has put his signature or thumb impression thereon as required under sub-rule (1) of rule 49L, decided not to record his vote, a remark to this effect shall be made against the said entry in Form 17A by the presiding officer and the signature or thumb impression of the elector shall be obtained against such remark.

അതായത്‌ നമ്മുടെ വോട്ട്‌ പാഴായി പോകുന്നില്ല; ഭരണഘടനയ്ക്കെതിരുമാവുന്നില്ല. നമുക്കിഷ്ടമില്ലാത്ത ഈ സ്ഥാനാര്‍‌ത്ഥികള്‍‌ക്കെതിരായി നമ്മള്‍‌ വോട്ടുചെയ്യുന്നു. ഇതിനായി ചെയ്യേണ്ടത്‌ പ്രിസൈഡിം‌ങ്‌ ഓഫീസറോട്‌ ഫോം‌ 49-O വാങ്ങിച്ചു ഫില്‍‌ ചെയ്യുക എന്നതു മാത്രമാണ്. രഷ്ട്രീയ കോമരങ്ങള്‍‌ ഉറഞ്ഞാടുന്ന കണ്ണൂരൊന്നും‌ പോയി ചെയ്തേക്കരുതു കേട്ടോ; തലയില്ലാതെ കാണാന്‍‌ ഒരു ഭംഗിയും‌ ഉണ്ടാവില്ല :)

രാഷ്ട്രീയ പാര്‍‌ടികള്‍‌ക്കതീതമായി ചിന്തിച്ചുതിടങ്ങിയ ഒരു തലമുറ വളര്‍‌ന്നു വരുന്നുണ്ട്. പാര്‍‌ട്ടികള്‍‌ നന്നാവും‌ എന്നൊരു പ്രതീക്ഷ ഇനി വേണ്ട. അതുകൊണ്ടുതന്നെ ആ തലമുറയുടെ വിശ്വാസം‌ പിടിച്ചെടുക്കാന്‍‌ ഉതകുന്ന ഒരു ബദല്‍‌ സം‌വിധാനം‌ ഉടന്‍‌ ശക്തി പ്രാപിച്ചേ മതിയാവൂ. ഇല്ലെങ്കില്‍‌ ഒന്നും‌ ചെയ്യാനില്ലാത്ത ആ തലമുറ തീവ്രവാദപ്രവര്‍‌ത്തകരുടെ വലയിലോ സിനിമാ നടന്‍‌മാര്‍‌ക്കു ജയ്‌ വിളിച്ചോ ഐ.പി.എല്‍‌ മോഡീശ്വരന്‍‌മാര്‍‌ക്ക്‌ സിന്താബാദുവിളിച്ചോ ഒന്നിനും‌ കൊള്ളാതെ ഒടുങ്ങും‌.

യുവജനപ്രസ്ഥാനങ്ങളെയൊക്കെ ഓരോ പാര്‍‌ട്ടിക്കാര്‍‌ വിഴുങ്ങിയപ്പോള്‍‌ ഇല്ലാതായത്‌ ചിന്താശേഷിയുള്ള ഒരു തലമുറയെയാണ്. കൈയില്‍‌ നിറയെ പണവും‌ കോര്‍‌പ്പറേറ്റ്‌ വിദ്യാഭ്യാസവും‌ ഒക്കെയുണ്ടെങ്കിലും‌ പലര്‍‌ക്കും‌ മാനുഷികത നഷ്ടപ്പെട്ടിരിക്കുന്നു. നമ്മുടെ ഭരണസം‌വിധാനത്തില്‍‌ ഇതിനൊക്കെയൊരു പരിഹാരം‌ തേടുകയെന്നത്‌ മണ്ടത്തരമാണ്. എന്റെ ആശങ്കകളില്‍‌ കഴമ്പുണ്ടോ? നിങ്ങളെന്തു പറയുന്നു?

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ