Monday, July 25, 2011

നന്ദി ഹിൽസും ശിവഗംഗയും

ഇന്നലെ ഇവിടെ അടുത്തുള്ള രണ്ട് സ്ഥലങ്ങൾ കാണാൻ പോയി.
ബാംഗ്ലൂരിൽ വന്നിട്ട് 4 വർഷമായി.. ഇത്രനാളും ഞാനിവിടെയൊന്നും പോയിട്ടില്ല എന്ന കാര്യം തന്നെ പുറത്തു പറയാനൊക്കില്ല. അത്രയ്‌ക്കു സുന്ദരവും സാഹസവും ആയിരുന്നു ഈ യാത്ര. അന്നു ശിവനസമുദ്രയിൽ പോയി വന്നപ്പോൾ, എന്തോ സമയം തികയാത്തതുപോലെ തോന്നി! ഇവിടെ ആ പ്രശ്നം ഉണ്ടായില്ല. രണ്ടു സ്ഥലങ്ങളും ആവോളം ആസ്വദിച്ചിട്ടു തന്നെയായിരുന്നു തിരിച്ചു വന്നത്. ഇടയ്‌ക്കിടയ്ക്ക് പെയ്ത മഴ നല്ലൊരു റിഫ്രഷ്‌മെന്റ് ട്രീറ്റായിരുന്നു. നടന്ന ക്ഷീണം ക്ഷണം കൊണ്ട് അപ്രത്യക്ഷമാക്കാൻ ആ മഴയ്‌ക്കു കഴിഞ്ഞു. ബാംഗ്ലൂരിന്റെ 50 കി.മി. ചുറ്റളവിൽ ഇങ്ങനെ ചിലതൊക്കെ ഉണ്ടെന്ന് കേട്ടിരുന്നുവെങ്കിലും ഇത്രകണ്ട് മനോഹരങ്ങളാവും ഇവയെന്നു നിനച്ചതല്ല. ഒരാഴ്ചയെങ്കിലും ബാംഗ്ലൂരിൽ ചെലവഴിക്കാൻ വരുന്ന ഏവരും (നിർബന്ധമായും) കണ്ടിരിക്കേണ്ട രണ്ടു സ്ഥലങ്ങളാണിവ.

1) നന്ദി ഹിൽസ് | Nandi Hills
പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണു നന്ദി ഹിൽസ്. ഒരൊറ്റമലയുടെ മുകൾത്തട്ടിൽ മേഘക്കൂട്ടങ്ങളോട് കിന്നാരം പറഞ്ഞുകളിക്കുന്ന നയനമനോഹരമായ മരങ്ങളും ചെടികളും കുന്നിഞ്ചെരുവുകളും. നന്നായി നോക്കിനടത്തുന്ന ഒരു പാർക്കുപോലെ തോന്നിച്ചു നന്ദിഹിൽസിലെ മരങ്ങൾ. മഴയായി പെയ്‌തിറങ്ങുന്ന മഞ്ഞിൻ തുള്ളികൾ പോലും നമ്മെ അധികമായി അലോസരപ്പെടുത്തുന്നില്ല അവിടെ. ചുറ്റിനും ഭീകരമായ പാറയിടുക്കുകളും കൊക്കകളും കാവൽ നിൽക്കുന്ന നന്ദിഹിൽസിൽ രാവിലെ 7 മണിയോടടുത്ത് ഞങ്ങൾ എത്തി. 11 മണിക്ക് ഞങ്ങൾ മലയിറങ്ങും വരെ അവിടെനിന്നും മഞ്ഞിൻപാളികൾ ലവലേശം പോലും മാറിയിരുന്നില്ല. നന്ദി ഹിൽസിൽ നിന്നും കാണുന്ന സൂര്യോദയം വിസ്‌മയാവഹമാണ്. സൂര്യപ്രകാശത്തിനും പോലും ആ പ്രദേശത്തേക്ക് കടന്നുവന്ന് ആ മനോഹാരിതയെ വേദനിപ്പിക്കാൻ മടിയാണെന്നു തോന്നിക്കും. നന്ദി ഹിൽസ് വിവരണാതീതമാണ്. പോയി കണ്ട് അനുഭവിച്ചുമാത്രം തീർക്കാവുന്ന സുഭഗസുന്ദരമധുപാത്രം!

ബാംഗ്ലൂരിലെ ഹെബ്ബാളിൽ നിന്നും 52 കിലോമീറ്റർ അകലെയാണു നന്ദി ഹിൽസ്. NH - 7 ന്റെരികിലായിട്ടാണിതെന്നു പറയാം. ശരിയായ രീതിയിലുള്ള സൈൻബോർഡുകളൊന്നും വഴിയോരത്ത് കാണാലില്ല.  NH - 7 ലൂടെ തന്നെ പോയാൽ ദേവനഹള്ളി എയർപോർട്ടും കഴിഞ്ഞ് NH - 207 നെ ക്രോസ് ചെയ്താൽ ഉടനെ കാണന്ന ഒരു ചെറിയ റൈറ്റ്സൈഡ് റോഡ് പിടിച്ചാൽ നന്ദി ഹിൽസിലെത്താം. ഈ ടേർണിങിനെ നന്ദി ക്രോസ് എന്നാണു വിളിക്കുക. അങ്ങനെ പേരിട്ട് പറയാൻ മാത്രം വലിയ ക്രോസൊന്നും അല്ലത്. അതി രാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരണം. മടക്കം എപ്പോൾ വേണമെങ്കിലും ആവാം.

2) ശിവഗംഗ | Sivaganga
നേരെ വിട്ടത് ശിവഗംഗയിലേക്കാണ്.  പോകുന്ന വഴി നിറയെ മുന്തിരിത്തോപ്പുകൾ. പഴുത്തുപ്രായമായ മുന്തിരിപ്പാടത്തിലൂടെ ഞങ്ങൾ ഇറങ്ങി നടന്നു. കുറേ മുന്തിരികൾ പറിച്ചെടുത്തു. ശിവനസമുദ്രയിലെന്നപോലെ ശിവഗംഗയിലും ലോക്കൽപാർട്ടീസ് കാറിനും കരം പിരിക്കാനായി എത്തി. ശിവനസമുദ്രയിൽ പ്രയോഗിച്ച് അതേ അടവു പറഞ്ഞ് അവരെ വിരട്ടി ഞങ്ങൾ മലയ്‌ക്കു താഴെ ഒരു മരത്തണലിൽ കാർ പാർക്ക് ചെയ്ത് ഉച്ചയ്ക്ക് 12 മണിയോടെ മല കയറ്റം ആരംഭിച്ചു. ശിവനും ശിവന്റെ കുടുംബവും താമസിക്കുന്ന മലയാണു ശിവംഗംഗ എന്നു തോന്നിപ്പിക്കും ആ മല. വലിയൊരു പാറക്കൂട്ടമാണ്. പാറകൾക്കൊക്കെ ഏകദേശം ഒരേ ആകൃതി ശിവവാഹനമായ നന്ദിയുടേതു പോലെ. പല പാറകളിലും അവിടെ നന്ദികേശനെ കൊത്തിവെച്ചിട്ടുണ്ട്. പടുകൂറ്റൻ പാറകളിൽ പടകൾ കൊത്തി കമ്പിവേലികളാൽ കൈപ്പിടിയൊരുക്കി മലമുകളിലേക്കുള്ള കയറ്റം ഒരു കയറ്റം തന്നെയാണ്. മൂന്നുമണിയോടടുത്താണ് ഞങ്ങൾ മുകളിൽ എത്തിയത്. മലയുടെ നെറുകയിൽ നിന്നും ചുറ്റിലേക്കും വായുവിൽ തള്ളിനിൽക്കുന്ന വലിയ ഭീമൻ പാറക്കൂറ്റൻമാർ!! പല മിഥുനങ്ങളും അതിന്റെ മുകളിലേറി ടൈറ്റാനിക്കിലെ ടെക്കിൽ കേറിനിന്നു നായികാനായകൻമാർ കൈവിരിച്ചു നിൽക്കുന്നതു പോലെ നിൽക്കുന്നതു കണ്ടു. വളരെ സാഹസികമായി മാത്രം കേറിച്ചെല്ലാവുന്ന ഒരിടമാണു ശിവഗംഗ. ബാംഗ്ലൂരിൽ നല്ല മഴക്കാലം എന്നൊന്നുണ്ടെങ്കിൽ തീർച്ചയായും അവിടേക്ക് എത്തിപ്പെടാൻ ആർക്കുമാവില്ല...

ശിവഗംഗയിലേക്ക് നന്ദിഹിൽസിൽ നിന്നും 60 കിലോമീറ്റർ ആയിരുന്നു. മലയിറങ്ങിയ ഉടനേ കാണുന്ന റൈറ്റ്സൈഡ് റോഡിലൂടെ അല്പം പോയാൽ രാജഘട്ട് റോഡുവഴി NH - 207 ഇൽ എത്തിച്ചേരും. അതുവഴി NH 4 (NH - 207 ന്റെ അവസാനമാണെന്നു തോന്നുന്നു) വരെ യാത്രചെയ്ത്  NH 4 മുറിച്ച് കടന്ന് ഉള്ളിലേക്ക് കയറിയാൽ ശിവഗംഗയായി. ബാംഗ്ലൂരിൽ നിന്നും ഡയറക്റ്റ് പോകുന്നവർക്ക് യശ്വന്തപുര വഴി  NH 4 ലൂടെ തന്നെ പോയാൽ മതി 41 കിലോമീറ്റർ ഉണ്ടാവും ആ ദൂരം. നെലമംഗല കഴിഞ്ഞ് ശിവഗംഗയിലേക്ക് പല വഴികൾ ഉണ്ട്.

Tuesday, July 19, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ | Salt and Pepper

ഓൺലൈൻ സമൂഹം ലോകോത്തരസിനിമയെന്നും മലയാളപുണ്യമെന്നുമൊക്കെ പറഞ്ഞു കെട്ടിയെഴുന്നള്ളിച്ച സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ കണ്ടു, ഇന്നലെ...
 • ഒന്നേമുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല - നല്ലൊരു സിനിമ തന്നെ!!.
 • എടുത്തുകാട്ടി പറയാൻ വലിയ കഥയും കാര്യമൊന്നും ഇല്ല.
 • അഭിനേതാക്കളെല്ലാം നീതിപുലർത്തി - പക്ഷേ, കല്പനയെ മിണ്ടാപ്രാണിയാക്കി മാറ്റി നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ട്.
 • വില്ലത്തരത്തിൽ കണ്ടുമടുത്ത ബാബുരാജിനു കിട്ടിയിരിക്കുന്നത് അപൂർവനേട്ടം തന്നെയാണ് - പറയാതെ വയ്യ, പുള്ളി കലക്കി മറിച്ചു!
 • പ്രധാന കഥാപാത്രങ്ങൾക്കു പുറമേ ഭക്ഷണവും ചിത്രത്തിന്റെ ആദ്യപകുതിയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. പക്ഷേ, അത് പരസ്യങ്ങൾ പറയുമ്പോലെ ദോശയല്ല; കേയ്‌ക്കാണ്!!.
 • സൂപ്പർ‌‌താരങ്ങളുടെ കലിപ്പ് കണ്ടുമടുത്ത മലയാളിക്ക് ഇതൊരു മാറ്റമാണ്.
 • നല്ല തിരക്കഥയും നല്ല സംവിധാനവും തന്നെയാണ് സൂപ്പർസ്റ്റാർ.
 • ഏച്ചുകെട്ടലുകളോ ദ്വയാർത്ഥപ്രയോഗങ്ങളോ ഇല്ലാത്ത സ്വാഭാവിക നർമ്മം ഒരു വലിയ പ്ലസ്‌മാർക്കാണ്.
 • ത്രൈണഭാവത്തിലെത്തുന്ന ബാബുരാജിന്റെ കഥാപാത്രത്തെ ലാലിന്റെ കഥാപാത്രം ആദ്യമായി കണ്ടുമുട്ടുന്ന രംഗം സൂപ്പർ ആയിരിക്കുന്നു; ലാലിന്റെ പോരുന്നോ കൂടെ എന്ന ചോദ്യം മാത്രം മതി ഈ സിനിമയെ വിജയിപ്പിക്കാൻ!
 • സലിം കുമാറും സുരാജ് വെഞ്ഞാറുമ്മൂടും ഇല്ല.

ഇനി ഇതുകൂടി വായിക്കുക - ഇതുവായിച്ചിട്ടാരും എന്നെ തെറിപറയരത് :(

 • നായികാ പ്രാധാന്യമുള്ള സ്‍ത്രീകള്‍ മദ്യപിക്കുന്ന രംഗവും മറ്റും മലയാളസിനിമയെ സംബന്ധിച്ചിടത്തോളം വിപ്ലവമായി കാണണമെങ്കിൽ കാണാം.
 • പ്രണയമെന്നാൽ ശാരീരികബന്ധം എന്നതാണെന്ന മിഥ്യാധാരണയും കൊച്ചുകേരളം ഒരുപക്ഷേ അംഗീകരിച്ചേക്കുമായിരിക്കും :(
 • എന്നാലും ചരിത്രത്തിന്റെ പിന്നാമ്പുറത്തുനിന്നും വന്ന മിണ്ടാപ്രാണിയായ  ഒരു ആദിവാസിമൂപ്പനെ കണ്ട് പേടിച്ച യുവതയുടെ ചേഷ്ടയല്പം കൂടിപ്പോയി... ആദിവാസികൾ അത്ര അവജ്ഞ അർഹിക്കുന്നവരോ!
 • പ്രണയത്തിന്റെ തീവ്രത കാണിക്കാൻ വിജയരാഘവൻ ഒരു കഥയുമായി വന്നതും പിന്നീട് പുള്ളി കാസർഗോഡേക്കു പോയതും കല്ലുകടി തന്നെ.
 • ബ്യൂട്ടിപാർലറിൽ പോയി മുഖം മിനുക്കിവരുന്ന ഭാര്യയോട് വയസനായ ഭർത്താവ് നീ സുന്ദരിയാണെന്നു പറഞ്ഞതു കേട്ടപ്പോൾ കരച്ചിൽ വന്നു - സത്യം!!
 • സിനിമാക്കാരെല്ലാം തരികിടപാർട്ടീസ് ആണെന്നും പെണ്ണ് അവർക്കൊരു പ്രധാന വിഷയമാണെന്നും, സംവിധായകൻ മുതൽ പാത്രം കഴുന്നവർക്കു വരെയുള്ളത് കാമത്തിൽ പൊതിഞ്ഞ കണ്ണുമാത്രമാണെന്നും ഈ സിനിമ ഒരു സന്ദേശമെന്ന രൂപത്തിൽ നൽകുന്നുണ്ടോ എന്തോ :(
 • അവസാനത്തെ ഒരു ഒടക്കുപാട്ട് തീരെ പിടിച്ചില്ല ; എന്തായാലും 5 മിനിറ്റ് കൂടി സിനിമ നീട്ടിയേക്കാം എന്നു വിചാരിച്ചായിരിക്കും...
 • എല്ലാം കണ്ടിറങ്ങിയപ്പോൾ ഈ പടം ശരിക്കും കഴിഞ്ഞോ എന്നൊരു സംശയം - ഞാനത് അവിടെ ഉള്ള സെക്യൂരിറ്റിയോട് ചോദിക്കുകയും ചെയ്തു...


 മാർക്കിടാൻ എന്നോടാരെങ്കിലും പറഞ്ഞാൽ ഒരു നാലേ മുക്കാൽ മാർക്കു കൊടുക്കും - അത്രയൊക്കെ ധാരാളം... ടോറന്റ് ഡൗൺലോഡ് ചെയ്തു കണ്ടാൽ മതി. മെനക്കെട്ട് 60 രൂപ കളയാനൊന്നും വകയുണ്ടെന്നു തോന്നുന്നില്ല...

Friday, July 15, 2011

കണ്ണീരിൽ കുതിർന്ന ഒരു യാത്രാമൊഴി!ഗൂഗിൾ ബസ്സും ഗൂഗിൽ പ്ലസ്സും പതിയേ ഒന്നാവുകയാണെന്നു തോന്നുന്നു...
ബസ്സിലെ ഫോളോവേഴിന്റേയും ഞാൻ ഫോളോ ചെയ്യുന്നവരുടേയും ലിസ്‌റ്റൊക്കെ ഡിസോർഡറായി കിടക്കുന്നു...

മറ്റു സൈറ്റുകളിലെല്ലാം ബസ്സിലേക്ക് കൊടുത്ത ലിങ്ക് ഇപ്പോൾ പ്ലസ്സിലേക്കായിരിക്കുന്നു!!

ബസ്സ് അപ്ഡേറ്റ്സ് വരാം കൊടുത്ത പലസ്ഥലങ്ങലിലും പ്ലസ് അപ്ഡേറ്റ്സ് വന്നു തുടങ്ങി...

പ്രിയപ്പെട്ട ബസ്സേ, ഒരുവർഷത്തിലധികം എന്നെ സഹിച്ചതിനു നന്ദി!! നിന്നിലെ യാത്ര സുഗമമായിരുന്നു... അനിവാര്യമായി വേർപാടിന്റെ ഒരു ചെറുനൊമ്പരം എവിടെയോ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു...
നിന്റെ മുതലാളിമാർ നിന്നെ ഇല്ലാതാക്കുന്നതിനു മുമ്പ്,
നിനക്കായ് അവർ ചരമഗീതമെഴുതുന്നതിനു മുമ്പ്
ഈ യാത്രക്കാരന്റെ സ്നേഹനിർഭരമായ യാത്രാമൊഴി സ്വീകരിച്ചാലും...


ഇനിയും കാണാം എന്നു പറയുന്നില്ല - കുത്തകമുതലാലിയുടെ കോർപ്പറേറ്റ് ധാർഷ്ട്യത്തിനുമുന്നിൽ നാമമാത്രമായെങ്കിലും നീ ഉണ്ടെങ്കിൽ തീർച്ചയായും ഒരോർമ്മ പുതുക്കലിനായി ഞാൻ വന്നു നോക്കാം...

ഇത്രയും കാലത്തെ സേവനത്തിനിടയിൽ നീരസങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ദിവസങ്ങളേതായാലും, രാത്രിയായാലും പുലർച്ചെയ്‌ക്കായാലും നട്ടുച്ചയ്ക്കായാലും നിന്നിലെ യാത്ര മധുരതരം തന്നെ. എങ്കിലും അവസാനകാലത്ത് മലയാളത്തിൽ കൊടുത്ത *ഒടയഞ്ചാൽ* എന്ന എന്റെ പേര്, എന്നോടുപോലും ചോദിക്കാതെ ഇംഗ്ലീഷിൽ Rajesh Odayanchal* എന്ന് മറ്റു യാത്രക്കാർക്കിടയിൽ വെളിപ്പെടുത്തിയത് തീരെ ശരിയായില്ല; പക്ഷേ, ക്ഷമിക്കുന്നു - ഒരു തെറ്റൊക്കെ ക്ഷമിക്കാതിരിക്കാൻ മാത്രം ക്രൂരനല്ല ഞാനും...

വർഷാവർഷം അടവെച്ച് വിരിയിച്ചെടുക്കാൻ ഗൂഗിളിന്റെ കയ്യിൽ പ്രോഡക്റ്റുകൾ ഇനിയുമേറെ കാണും. ചിലതൊക്കെ കത്തിപടരും - മറ്റു ചിലതാകട്ടെ ഗൂഗിൾ വേവ് (https://wave.google.com/wave/?pli=1) പോലെയോ മറ്റോ ചീറ്റിപ്പോകുകയും ചെയ്യും.
ഒന്നിനുമില്ല ഇവിടെ സ്ഥായിയായി നിലനിൽപ്പ്!


സ്വരം നന്നാവുമ്പോൾ തന്നെ പാട്ടുനിർത്തുക എന്നു കേട്ടിട്ടില്ലേ - അതുപോലെ നല്ലനിലയിൽ നിന്നു തന്നെ വിടചൊല്ലിപ്പോകുന്നതായിരിക്കും എന്നും അഭികാമ്യം! ഓർക്കുടിനെ ഓർക്കുന്നില്ലേ - എന്തൊക്കെയായിരുന്നു... എന്നാൽ ഇപ്പോഴുള്ള അവസ്ഥയോ? ആളനക്കങ്ങളൊന്നുമില്ല, കണ്ടമാനം വയറസുകളേയും പരത്തി പരസ്യകമ്പനികളുടേയും ഓൺലൈൻ ഗ്രീറ്റിംങ് കാർഡൂകാരുടേയും വിഴുപ്പുകളും പേറി എന്തിനെന്നറിയാതെ നടന്നു നീങ്ങുകയാണ്. ഫെയ്‌സ്ബുക്കിനേ പറ്റിയോ, ഓൺലൈൻ നെറ്റ്വർക്കിങിനേ കുറിച്ചോ കേട്ടിട്ടുപോലുമില്ലാത്ത കുറച്ച് ശുദ്ധാത്മാക്കൾ അതിൽ വിഹരിക്കുന്നുണ്ട് എന്നറിയാം... സോഷ്യൽ നെറ്റ്വർക്കിങ് എന്ന ആശയത്തിന്റെ ശക്തി മറ്റു പലർക്കും മുമ്പിൽ ശക്തമായി തെളിയിച്ചുകൊടുക്കുകയും അതിന്റെ പേരിൽ സകലമാന തെറിവിളികളും കേൾക്കേണ്ടിവരികയും ചെയ്തു; എന്നിട്ടോ അതിന്റെ ഗുണഫലങ്ങളേല്ലാം ഫെയ്‌സ്ബുക്ക് കൊണ്ടുപോവുകയും ചെയ്തു... ഓർക്കുട്ടിന്റെ ദയനീയത ഫെയ്‌സ്ബുക്കും ട്വിറ്ററും ഒക്കെ ഇതു കണ്ടു പഠിക്കട്ടെ; അല്ലെങ്കിൽ നാളെ ഫെയ്സ്‌ബുക്കിനും വരാനിരിക്കുന്ന വിധി ഇതുതന്നെയെന്ന് ഒന്നു കരുതിയിരുന്നോട്ടെ...

മാറ്റം എന്ന വാക്കിനപ്പുറം ബാക്കിയെല്ലാം മാറ്റങ്ങൾക്കും വിധേയം തന്നെ... മാറ്റത്തെ കാലാകാലങ്ങളിൽ അംഗീകരിച്ചേ പറ്റൂ. ഇവിടെ മറ്റൊരു വലിയമാറ്റത്തിന്റെ മുന്നൊരുക്കങ്ങളിലാണു ഗൂഗിൾ എന്ന് എല്ലാവരും പറഞ്ഞുകേൾക്കുന്നു... മാറ്റത്തിനെ ഉൾക്കൊണ്ട് കോണ്ട് മാറ്റത്തിനൊപ്പം ഞങ്ങളും മാറുന്നു.. പരിതപിക്കരുത്... അർത്ഥശൂന്യമായി മാറിപ്പോയേക്കാവുന്ന ജീമെയിലിലെ ഇടതുവശത്തിള്ള My Buzzes എന്ന ലേബൽ തന്നെ ചിലപ്പോൾ റിമൂവ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തെന്നു വരും; എങ്കിലും വിഷമിക്കരുത്... ഇത് അനിവാര്യമായ വിധിയാണ് - എന്തിനേയും ഏവരേയും കാത്തിരിക്കുന്ന വിധി...!

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ