Monday, August 29, 2011

താലിയിൽ തൂങ്ങുന്ന ജീവിതങ്ങൾ

താലി മാല വാങ്ങിക്കുമ്പോൾ 5 പവനെങ്കിലും വേണ്ടേടാ എന്നമ്മ ചോദിക്കുന്നു... നീ ഒരു ഐറ്റിക്കാരനല്ലേ, ഇവിടെ കൂലിപ്പണിക്കാർ വരെ മൂന്നരപ്പവന്റെ മാലയിലാണു താലി കെട്ടുന്നത്! വെറുതേ ഒന്നു കൂട്ടിനോക്കിയപ്പോ തന്നെ തലയിൽ ഒരു വെള്ളിടി മിന്നി. ഒരുലക്ഷത്തിനു മേലെ വേണം സ്വർണത്തിനു തന്നെ - പണിക്കൂലി വേറെയും ഉണ്ടത്രേ... താലി നമുക്ക് നൂലിൽ കെട്ടിയാലോ അമ്മേ എന്നായി ഞാൻ. കെട്ടുന്നത് അങ്ങനെ മതി; പക്ഷേ, വീട്ടിൽ വന്നാൽ താലി മാലയിലേക്ക് മാറ്റണം എന്നായി അമ്മ... 5 പവൻ അപ്പോൾ നിർബന്ധം!!

അമ്മ വിട്ടുപിടിക്കുന്ന ലക്ഷണമില്ല. ആട്ടെ നടക്കട്ടെ. ഉണ്ടാക്കിയല്ലേ പറ്റൂ.
എടാ, അതുമാത്രം മതിയോ, ഈ അഞ്ചുപവൻ ഇട്ടോണ്ട് നടക്കാൻ പറ്റുമോ?
ഈ അമ്മ എന്താ പറയുന്നത്?പിന്നെന്തിനാണ് അഞ്ചുപവൻ!!
എടാ അഞ്ചുപവൻ കഴുത്തിൽ തൂക്കിയിട്ട് ഇപ്പോഴുള്ള പെൺകുട്ടികൾ നടക്കുമോ? ഒന്നുമില്ലെങ്കിൽ കഴുത്തുവേദനിക്കില്ലേ, വീട്ടിലും പുറത്തുപോകുമ്പോഴുമൊക്കെ താലി ഇടാൻ പറ്റുന്ന ഒരു ഒന്നര പവന്റെ ചെറിയൊരു മാല കൂടി വേണ്ടേ?
എന്റമ്മേ, എന്നാൽ പിന്നെ അതിൽ തന്നെയങ്ങ് കെട്ടിക്കൊടുത്താൽ പോരേ!! എന്തിനാ ഈ അഞ്ചുപവൻ വേറേ വാങ്ങിക്കുന്നത്?
നാട്ടുകാരെന്തു പറയും? അങ്ങനെയാ ഇപ്പോൾ നാട്ടുനടപ്പ്.
നാട്ടുകാരെന്തു പറയാൻ, വയറുമുട്ടെ തിന്നിട്ട് ഏമ്പക്കം വിട്ട് കുറ്റവും കുറിയും പറഞ്ഞ് അവരങ്ങുപോകും.
അതല്ലടാ, നിനക്കറിയാഞ്ഞിട്ടാ, ഇപ്പോൾ എല്ലാവരും ചെയ്യുന്നത് അങ്ങനെയാ..

ഒരു ദിവസത്തേക്ക് നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒന്നേകാൽ ലക്ഷം മുടക്കി ഒരു സ്വർണമാല വാങ്ങിക്കണം :( സ്വർണക്കടക്കാർ വാടകയ്‌ക്ക് തരുമായിരിക്കുമോ? സ്വേതാമേനോന് രതിനിർവേദത്തിൽ അഭിനയിക്കുമ്പോൾ ഏതോ സ്വർണക്കടക്കാർ പൊന്നരഞ്ഞാണം ഉണ്ടാക്കി കൊടുത്തത്രേ.. ചുമ്മാ ഒന്നഭിനയിക്കാൻ അവർക്കതുണ്ടാക്കി കൊടുത്തു, എനിക്കരഞ്ഞാണമൊന്നും വേണ്ടായിരുന്നു - ഒരു മാല മതി. ഇതൊരു പുതിയ ജീവിതത്തിന്റെ പ്രശ്നമാണ് അരെങ്കിലും സഹായിക്കുമായിരിക്കുമോ? അല്ലെങ്കിൽ വേണ്ട അതൊക്കെ ചീപ്പ് കേസാണ്. എങ്ങനെയായാലും ആറരപ്പവൻ കരുതേണ്ടിയിരിക്കുന്നു.

HDFC ക്കാരൻ ലോൺ തരുമായിരിക്കും. ഒരുലക്ഷം ലോൺ എടുത്താൽ 3600 വെച്ച് മൂന്നു വർഷം മാസം തോറും അടച്ചാൽ തീർന്നോളും. മൂന്നുവർഷം മുമ്പ് ഒരെണ്ണം എടുത്തതാണ്. അത് അടുത്തമാസം തീരേണ്ടതാണ്. ഒരു ചെറിയ ആശ്വാസം ഉണ്ടായിരുന്നു, അതു തീരുകയാണല്ലോ എന്ന് :(. അപ്പോഴാണ് അമ്മ പുതിയ ആവശ്യവുമായി വന്നത്. ലോൺ എടുക്കുക തന്നെ. ഒരു ലക്ഷം എടുക്കുക ഒന്നേകാൽ ലക്ഷം തിരിച്ചടയ്ക്കുക.  കൊള്ള ലാഭമാണല്ലോ ബാങ്കുകാരാ നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടുന്നത്. ഇതുപോലെ എത്ര കസ്റ്റമേ‌ഴ്‌സ്  കാണും നിങ്ങൾക്ക്?

ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ... അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, അമേരിക്ക വേൾഡ് ബാങ്കിനേയും ലോകത്തേയും പറ്റിച്ച് ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും മറ്റും യുദ്ധം ചെയ്യാൻ വേണ്ടി കള്ളക്കളി കളികുമെന്ന് നിങ്ങളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലല്ലോ. ലോകമലയാളികളെല്ലാം സ്വർണത്തൂക്കത്തിൽ മാറ്റുരച്ച് പരസ്പരം വിലയിരുത്തുന്ന ഒരു കാലം വരുമെന്ന് താങ്കൾ സ്വപ്നത്തിൽ കൂടി കരുതിയിരിക്കില്ലല്ലോ... ഇങ്ങനെയൊക്കെ ആയിപ്പോയി... ഇനി പറഞ്ഞിട്ടെന്താ കാര്യം, ഞാനൊന്നു HDFC ക്കാരനെ വിളിക്കട്ടെ...

8 comments:

vinod kudamina said...

vilikk :)
swarnnam illaand kettu annaa....

Vaishak said...

ഞാൻ മാല വാങ്ങിക്കില്ല എന്ന് തറപ്പിച്ച് പറഞ്ഞാൽ പോരേ???

Rajesh K Odayanchal said...

പെണ്ണിനെ തപ്പി പിന്നേം നടക്കേണ്ടി വന്നെങ്കിലോ വൈശാഖേ!!

prasanna raghavan said...

ഇതാണ് അമ്മ ചാടെടാ എന്നു പറയുമ്പോള്‍ മോന്‍ ചോദിക്കും എത്ര മീറ്റര്‍ അമ്മേ എന്ന്. എനിക്കു വേണ്ടതെന്താനെന്ന് അമ്മമാരോടു നേരിട്ടുപറയാന്‍ വ്യക്തിത്വമുള്ള ആണ്‍പിള്ളേര്‍ ഇനി എന്നാണാവോ അവിടെ ഉണ്ടാവുന്നത് :)

Rajesh K Odayanchal said...

ഹ ഹ അതിഷ്ടപ്പെട്ടു!! കലികാലം തന്നെ!!

Resmi N C said...

5 പവന്‍റെ മാല എന്ന് കേട്ടപ്പോള്‍ ഇത്രേം വിയര്‍ത്ത ചേട്ടന്‍ കെട്ടിക്കൊണ്ടു വരുന്ന പെണ്ണില്‍ നിന്നും പ്രതീക്ഷിക്കുന്നത് എത്രയാണാവോ ? 50 ഓ അതോ 100 ഓ ? എത്ര ആയാലും "കുറഞ്ഞു പോയി ഞങ്ങള്‍ ഇതില്‍ കൂടുതല്‍ കൊടുത്തതാണ്" തുടങ്ങിയ വാക്കുകള്‍ ഇത് പോലെ ഉള്ളവരുടെ വീട്ടില്‍ നിന്നും കേള്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെയും, ഇത്രേം ഉണ്ടാക്കി കൊടുത്തിട്ട് ശിഷ്ട ജീവിതം കടത്തില്‍ മുങ്ങുന്ന അവരുടെ അച്ഛനമ്മമാരെയും ഓര്‍ത്തു നോക്കുക.

"ആരായിരിക്കും കല്യാണത്തിന് താലികെട്ടൽ പരിപാടി കണ്ടു പിടിച്ച മഹാൻ! ആരായാലും അളിയാ കൊടും ചതിയായിപ്പോയി! ഒരു സിന്ദൂരത്തിലോ അതുപോലെ ചിലവില്ലാത്ത പരിപാടികളിലോ മറ്റോ ഒന്നൊതുക്കിപ്പിടിക്കാമായിരുന്നില്ലേ ഈ ചടങ്ങുകൾ."
എന്ന് പറഞ്ഞല്ലോ , അപ്പൊ കല്യാണത്തിന് അടിമുടി പൊന്നില്‍ കുളിച്ച് പെണ്ണ് വരണം എന്നതു കണ്ടുപിടിച്ചത് ആരായിരിക്കും എന്ന് കൂടി ചിന്തിച്ചു നോക്കൂ ....

5 പവന്‍ വാങ്ങാനുള്ള ബുദ്ധിമുട്ട് മനസ്സിലായ ചേട്ടന്‍ ഉടനേ പെണ്ണിന്റെ അച്ഛനെ വിളിച്ച് എനിക്ക് സ്വര്‍ണ്ണമൊന്നും വേണ്ട എന്ന് പറഞ്ഞു കാണും എന്ന് കരുതുന്നു....

നമുക്ക് വരുന്ന ബുദ്ധിമുട്ടുകളെ നമ്മള്‍ കാണൂ...............

Rajesh Odayanchal said...

രശ്മീ,കല്യാണം കഴിഞ്ഞു, 5 പവൻ താലിയും കെട്ടി...
പെണ്ണിന്റെ വീട്ടുകാരോട് ഒന്നും ചോദിച്ചിരുന്നില്ല, മാത്രമല്ല സ്വർണമായിട്ടോ പണമായിട്ടോ ഒന്നും തന്നെ വേണ്ടെന്നും പറഞ്ഞു. അവൾക്കു സ്വന്തമായി ഉണ്ടായിരുന്ന മാലയും വളയും പിന്നെ കല്യാണത്തിനു വേണ്ടപ്പെട്ടവർ കൊടുത്ത വളകളും മാലയും(അതുമൊത്തം അവളുടെ വീട്ടിൽ തന്നെ പിന്നീട് കൊടുത്തു; കാരണം മറ്റൊന്നുമല്ല, ഈ സ്വർണം കൊടുത്തവരൊക്കെ ഇതു പിന്നീടു തിരിച്ചും പ്രതീക്കുന്ന ഒരു നാട്ടുനടപ്പ് അവിടെ ഉണ്ടത്രേ!! ഞാനിതൊക്കെ വങ്ങിച്ചുവെച്ചാൽ ഈ വിലയ്ക്ക് സ്വർണം ഇനിയുള്ള കാലം വങ്ങിച്ച് ഫ്രീയായി കൊടുക്കുക എന്ന കലാപരിപാടി അല്പം ദുഷ്കരമാവും അവർക്ക്) ഒക്കെ മാത്രമേ കല്യാണത്തിനുണ്ടായിരുന്നുള്ളൂ. സംശയം ഈ ചിത്രങ്ങളിൽ നിന്നും തീർക്കാവുന്നതുമാണ്...
https://www.facebook.com/photo.php?fbid=10151254754793327&set=a.10151254632818327.547765.726508326&type=3&theater

Anu Sherjin said...

ennalum njanorkunathu HDFC undakunna laabathe patiya.........

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ