Monday, August 29, 2011

അവർ ജീവിക്കട്ടെ!!

വർഷങ്ങൾ ഒത്തിരി കഴിഞ്ഞില്ലേ! ഇത്രയും കാലം ജയിലിൽ കിടക്കുകയും ചെയ്തു. ഇനി അവരെ തൂക്കിക്കൊല്ലണം എന്നു പറയുന്നതിൽ എന്തു ന്യായമാണാവോ ഉള്ളത്? കുറ്റക്കാരെ പെട്ടന്നു കണ്ടുപിടിക്കുകയും, ജനങ്ങൾ ആ കുറ്റകൃത്യത്തിന്റെ തീവ്രതയിൽ നിന്നും മുക്തരാവുന്നതിനു മുമ്പു തന്നെ വധശിക്ഷപോലുള്ള ശിക്ഷ നടപ്പാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരത്തിൽ നടക്കുന്ന വധശിക്ഷകൾക്ക് സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.

1991 മേയ് 21നു തമിഴ്നാട് ശ്രീ പെരുംപതൂരിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാവേര്‍ ആക്രമണത്തിലാണു രാജീവ് ഗാന്ധിയെ വധിച്ചത്. 20 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ തടവില്‍ കഴിയിഞ്ഞു വരുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹരജി രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രാജീവ് വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. നളിനിയെയും നേരത്തേ വധശിക്ഷക്ക് വിധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയതിനെ തുടര്‍ന്ന് ജീവപര്യന്തമാക്കി മാറ്റിയിരുന്നു. ഇവിടെ വെച്ച് മുരുകനും നളിനിക്കും ഒരു കുഞ്ഞുണ്ടവുകയും കുഞ്ഞിനിപ്പോൾ 19 വയസ്സാവുകയും ചെയ്തു.

ചില വാദഗതികളൊക്കെ കാണുമ്പോൾ ജുഡിഷ്യറിയോടു തന്നെ പുച്ഛം തോന്നുന്നു. ബാറ്ററി മേടിച്ചു കൊടുത്തവനു വരെയുണ്ട് ഇതിൽ വധശിക്ഷ!! ബാറ്ററി വാങ്ങിച്ചതിന്റെ ബില്ലു ചോദിച്ചപ്പോൾ അത് സബ്‌മിറ്റ് ചെയ്യാൻ പ്രതിക്കു കഴിയാതെ വന്നെന്നും മറ്റും കണ്ടപ്പോൾ ഒരു ഞെട്ടൽ തന്നെ ഫീൽ ചെയ്തു... നാടിനേയും നാട്ടുകാരേയും വഞ്ചിച്ചും ഇഞ്ചിഞ്ചായി കൊന്നും എത്രയെത്ര കുറ്റവാളികൾ പുറത്തും ജയിലകത്തെന്ന വ്യാജേന പഞ്ചനക്ഷത്ര ആശുപത്രികളിലും സ്വൈര്യവിഹാരം നടത്തുന്നു. വി.ഐ.പി ട്രിറ്റ്മെന്റിൽ കസബുമാർ സസുഖം വാഴുന്നുണ്ട് ഈ ഇന്ത്യാമഹാരാജ്യത്ത്!! നമ്മുടെ നിയമങ്ങളൊക്കെ എന്നാണു നന്നാവുക!


കുറ്റവാളികൾക്കു കൊടുക്കുന്ന ശിക്ഷകൾ ഇനി കുറ്റം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള നല്ലൊരു മുന്നറീയിപ്പായിരിക്കണം...  അവർക്കതൊരു പാഠമാവണം. അതിങ്ങനെ വലിച്ചുനീട്ടി പത്തിരുപതുവർഷങ്ങൾ കഴിഞ്ഞിട്ടാവരുത് നൽകേണ്ടത്. അതിന്റെ തീവ്രത കുറയും മുമ്പേ തന്നെ ശിക്ഷ നടപ്പാക്കിയാൽ മാത്രമേ എന്താണോ ആ ശിക്ഷ കൊണ്ട് ഉദ്ദേശിക്കുന്നത് അതു നടപ്പാവുകയുള്ളൂ - ഇല്ലെങ്കിൽ അതിനു നേരെ വിപരീതഫലം മാത്രമായിരിക്കും കിട്ടുക... പുതിയ പുതിയ മുരുകനും ശാന്തനും പേരറിവാളനും നളിനിയുമൊക്കെ ജനിച്ചു കൊണ്ടിരിക്കും. ഇവിടെ എന്തൊക്കെയാണു സംഭവിച്ചത്!! കുറ്റവാളികൾ ജയിലിൽ കിടന്നു കല്യാണം കഴിക്കുന്നു; കുട്ടികളുണ്ടാവുന്നു - എന്തൊക്കെ നാടകങ്ങൾ അരങ്ങേറി!! ഈ ശിക്ഷ നടപ്പാക്കിയാൽ ആ കുഞ്ഞിനോടെന്തു സമാധാനം പറയും ഇവർ?


NB: ഒരു ഇരുപതുവർഷം കഴിഞ്ഞാൽ ഒരുപക്ഷേ ഞാൻ അജ്മൽ കസബിനേയും ഇതുപോലെ സപ്പോർട്ട് ചെയ്തേക്കും!!

0 comments:

Post a Comment

ട്വിറ്റർ അപ്‌ഡേറ്റ്സ്

എന്റെ സോഷ്യൽ ബുക്ക്‌മാർക്കുകൾ